വർഷങ്ങളുടെ കാത്തിരിപ്പിനും ഇടയ്ക്കിടെ വന്ന വിമർശനങ്ങൾക്കും ശേഷം സഞ്ജു സാംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോൾ ശരിയായ പാതയിൽ എത്തിയിരിക്കുകയാണെന്ന് പറയാം. ഒരു കാലത്ത് സ്ഥിരത ഇല്ലാത്ത ബാറ്റിങ്ങിന്റെ പേരിൽ വിമർശനം കേട്ട സഞ്ജു ഇന്ന് സ്ഥിരതയുടെ പര്യായം ആയി മാറി കഴിഞ്ഞിരിക്കുകയാണ്.
ടി 20 യിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു ഇന്നലെ ശക്തമായ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തെ നേരിട്ട് വെറും 47 പന്തിൽ തൻ്റെ സെഞ്ച്വറി തികച്ചു. ഗ്രൗണ്ടിന്റെ നാലുപാടും ഷോട്ടുകൾ പായിച്ച താരത്തിന്റെ ബാറ്റിംഗ് എന്നത്തേയും പോലെ പൂർണ മികവിലേക്ക് എത്തി. തങ്ങൾക്ക് സഞ്ജുവിനെ പൂട്ടാനുള്ള പൂട്ടൊന്നും ഇല്ല എന്ന് പറഞ്ഞ സൗത്താഫ്രിക്കൻ നായകന്റെ വാക്കുകളിൽ ഉണ്ട് ആ ഇന്നിങ്സിന്റെ സൗന്ദര്യം മുഴുവനും എന്ന് പറയാം.
ഇന്നലത്തെ ഒറ്റ ഇന്നിംഗ്സ് കൊണ്ട് താരം സ്വന്തമാക്കിയ നേട്ടങ്ങൾ ഇങ്ങനെ:
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
ഈ സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു സാംസൺ മാറി. ഇത് കൂടാതെ ഇന്നലെ മത്സരത്തിൽ ഉടനീളം കീപ്പർ എന്ന നിലയിലും താരം മികവ് കാണിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി
വെറും 47 പന്തിൽ സെഞ്ച്വറി നേടിയ സാംസണിൻ്റെ തകർപ്പൻ സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്നഏറ്റവും വേഗതയേറിയ ടി20 ഐ സെഞ്ചുറിയായി. മുൻ റെക്കോർഡ് സൂര്യകുമാർ യാദവിൻ്റെ പേരിൽ ആയിരുന്നു.
ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ്
പവർ ഹിറ്റിംഗ് കഴിവിന് പേരുകേട്ട സാംസൺ തൻ്റെ സ്‌ഫോടനാത്മക ഇന്നിംഗ്‌സിൽ ഏഴ് ബൗണ്ടറികൾക്കൊപ്പം 10 സിക്‌സറുകൾ പറത്തി തന്റെ മികവ് വീണ്ടും ലോകത്തിന് മുന്നിൽ കാണിച്ചു. ഈ സിക്സറുകളുടെ എണ്ണം ഒരു ടി20 ഐ ഇന്നിംഗ്‌സിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പം എത്തിച്ചു .
2017ൽ ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ ഈ നേട്ടം കൈവരിച്ച രോഹിത് ശർമ്മയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ
സഞ്ജു സാംസണിൻ്റെ 107 റൺസ് അദ്ദേഹത്തിൻ്റെ വ്യക്തിഗത നാഴികക്കല്ല് മാത്രമല്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ഐ പോരാട്ടങ്ങളിൽ പുതിയ ചരിത്രവും രചിച്ചു. 2022ൽ ഗുവാഹത്തിയിൽ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ പുറത്താകാതെ നിന്ന 106 റൺസെന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് തകർത്ത ഈ ഇന്നിംഗ്‌സ് മറികടന്നു.
ഇരു ടീമുകളും തമ്മിലുള്ള ടി20 ഐ ഏറ്റുമുട്ടലുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായി സാംസണിൻ്റെ സ്‌കോർ ഇപ്പോൾ മാറി.