ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. നിലവിൽ അദ്ദേഹം ബംഗ്ലാദേശ് പര്യടനത്തിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ്. ഇപ്പോൾ നടക്കുന്ന ഇറാനി കപ്പിൽ റസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവ താരം ദ്രുവ് ജുറൽ നടത്തുന്നത്. മുംബൈക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ 93 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. ഇതോടെ സഞ്ജു സാംസണിന്റെ ടെസ്റ്റിലേക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്.
നിലവിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായ റിഷബ് പന്താണ് ടെസ്റ്റ് ഫോർമാറ്റിൽ ആദ്യ ചോയ്സ്. എന്നാൽ സഞ്ജുവിന് എതിരാളിയായി അദ്ദേഹം മാത്രമേ മുൻപിൽ ഉണ്ടായിരുന്നോള്ളൂ. ഇപ്പോൾ ഇതാ യുവ താരം ദ്രുവ് ജുറൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണ്. നിലവിൽ സഞ്ജു സാംസൺ ഇത് വരെ ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല. ദ്രുവ് ജുറൽ കുറച്ച് മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുമുണ്ട്. ഇറാനി കപ്പിലെ ഈ പ്രകടനം കൊണ്ട് ടെസ്റ്റ് ടീമിലേക്കുള്ള രണ്ടാം വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി അദ്ദേഹത്തെ തിരഞ്ഞെടുക്കും എന്നത് ഉറപ്പാണ്.
നിലവിൽ ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടി-20 പരമ്പരയ്ക്ക് വേണ്ടി ഇന്ത്യൻ ടീമിന്റെ കൂടെയാണ് സഞ്ജു സാംസൺ ഇപ്പോൾ ഉള്ളത്. ഈ വർഷം ഇന്ത്യൻ ടീമിൽ അവസരം കിട്ടിയെങ്കിലും വേണ്ട രീതിയിൽ അദ്ദേഹത്തിന് അത് ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുനെങ്കിലും ഒരു മത്സരം പോലും സഞ്ജു കളിച്ചിരുന്നില്ല.
അതിന് ശേഷം നടന്ന ശ്രീലങ്കൻ സീരീസിൽ അവസാന രണ്ട് ടി-20 മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായി. പിന്നീട് ബിസിസിഐ അദ്ദേഹത്തെ ദുലീപ് ട്രോഫിയിൽ അവസരം നൽകി. രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി സഞ്ജു 196 റൺസ് നേടി. അതിന്റെ മികവിലാണ് ഇത്തവണ ബംഗ്ലാദേശിനെതിരെ സഞ്ജു സാംസണിന് അവസരം ലഭിച്ചത്. ഒക്ടോബർ ആറാംതിയതി മുതലാണ് പരമ്പര ആരംഭിക്കുന്നത്.