തന്റെ വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്നലെ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തിൽ 50 പന്തിൽ 7 ഫോറും 10 സിക്സറുകളുമടക്കം 107 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള സഞ്ജു ഇന്നലെ തലങ്ങും വിലങ്ങുമാണ് അവരുടെ ബോളേഴ്സിനെ അടിച്ചോടിച്ചത്.
ആദ്യ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയാണ്. സെഞ്ച്വറി നേട്ടം ആവർത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു രംഗത്ത് എത്തി.
സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:
” ‘ഒരുപാട് ചിന്തിച്ചാൽ ഞാൻ വികാരാധീനനാകും. പത്ത് വർഷമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരുന്നു, വളരെ സന്തോഷവാനാണ്, നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. എന്റെ കാലുകൾ നിലത്ത് നിൽക്കാനും ഈ നിമിഷത്തിൽ ആയിരിക്കാനും ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പന്ത് അടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം, അതിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധ കൊടുത്തിരുന്നതും” സഞ്ജു സാംസൺ പറഞ്ഞു.
ഇനി ഇന്ത്യൻ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമായി സഞ്ജുവിനെ കാണാൻ സാധിക്കും. ഇന്നലത്തെ തകർപ്പൻ പ്രകടനത്തോട് കൂടി യുവ താരങ്ങളായ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ഋഷബ് പന്ത് എന്നിവർക്ക് ഈ ഫോർമാറ്റിൽ അവസരം ലഭിക്കാൻ സാധ്യത കുറവായിരിക്കും. മുൻപ് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഇപ്പോൾ പകരം വെക്കാനാകാത്ത തരം താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.