‘ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി, മർദ്ദിച്ചു.. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാന കാരണം’; സരിതയുടെ വാക്കുകള്‍ വൈറലാകുന്നു

‘ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി, മർദ്ദിച്ചു.. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാന കാരണം’; സരിതയുടെ വാക്കുകള്‍ വൈറലാകുന്നു

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന നടൻ മുകേഷിനെ കൂടുതൽ പ്രതിരോധത്തിലാക്കി ആദ്യ ഭാര്യ സരിതയുടെ പഴയ വീഡിയോ വൈറലാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സരിത മുകേഷിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചര്‍ച്ചയാവുകയാണ്. മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്ത് ‘ഇന്ത്യവിഷൻ’ ചാനലിലൂടെയാണ് സരിത മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

മലയാള സിനിമയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന്‍ ജീവിതത്തില്‍ അങ്ങനെയല്ല എന്നതായിരുന്നു സരിത പറഞ്ഞത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീ വിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത ആ അഭിമുഖത്തിൽ പറയുന്നു. അഭിമുഖത്തിൽ സരിത പറയുന്ന പ്രധാന ഭാഗം ഇങ്ങനെയാണ്;-

“ഞാനനുഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ നാണക്കേടായിരുന്നു. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ സിനിമയിലഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു. മാധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു. ”

എന്തുകൊണ്ടു പോലീസിൽ പരാതിപ്പെട്ടില്ല?’ എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെയാണ്;- “അത് ഞാൻ അദ്ദേഹത്തിൻ്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു. എൻ്റെ അച്ഛൻ മരിച്ചതിനുശേഷം ഞാൻ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു. ഒരിക്കൽ അവരുടെ വീട്ടിൽ അവരുടെ ജോലിക്കാരിയുടെ മുമ്പിൽ വെച്ച് (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചപ്പോൾ അതിനു ശേഷം ഞാൻ ആ വീട്ടിലേക്കുള്ള പോക്കു നിർത്തിയിരുന്നു. പക്ഷേ ഒരിക്കൽ ടാക്സ് കാര്യങ്ങൾക്കായി ഞാൻ തിരുവനന്തപുരത്തു വന്നപ്പോൾ അച്ഛൻ എന്നെ കൊണ്ടുപോകാനായി വന്നു. എയർപോർട്ടിൽ വെച്ച് അച്ഛനെന്നോടു പറഞ്ഞു വീട്ടിലേക്കു പോകാമെന്ന്. ‘ഇല്ലച്ഛാ .. പങ്കജിൽ റൂമെടുത്തിട്ടുണ്ട്..ഞാൻ വരുന്നില്ല ‘എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അദ്ദേഹം ഡ്രൈവറുടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കാതെ എൻ്റെ കൂടെ മുറിയിലേക്കു വന്നു. എന്നിട്ട് അവിടെ വെച്ച് എൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട്, ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം. എൻ്റെ മോൻ ശരിയല്ലെന്നും എനിക്കറിയാം. പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്’, എന്നൊക്കെ പറഞ്ഞു”

“ആ പ്രോമിസ് ഇന്നുവരെ ഞാൻ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ എൻ്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു. ആർക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്. മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു. ഒരു കടമകളും അദ്ദേഹം ചെയ്തില്ല. അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോൾ ‘നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഒറ്റക്ക് ആ സന്ദർഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു. എനിക്ക് മറ്റാരുമില്ലായിരുന്നു. ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെൻ്റെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു. വീണപ്പോൾ ഞാൻ കരഞ്ഞു. അത്തരം സന്ദർഭങ്ങളിൽ, ‘ഓ.. നീയൊരു നല്ല നടിയാണല്ലോ കരഞ്ഞോ… കരഞ്ഞോ’ എന്നദ്ദേഹം പറയുമായിരുന്നു”.

“അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു. ഒരിക്കൽ ഞാൻ നിറഗർഭിണിയായിരിക്കെ ഒമ്പതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാൻ കാറിനു പിറകെ ഓടി താഴെ വീണു. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു. ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹമെൻ്റെ മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മർദ്ദിച്ചു…. “.

മാത്രമല്ല, തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭർത്താവിനെപ്പറ്റി, കോടതിയിൽ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേർപിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഭർത്താവിനെപ്പറ്റിയും അവർ തുറന്നടിക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന അവാർഡുകളെപ്പറ്റിയും മികച്ച അവസരങ്ങളെപ്പറ്റിയും മുകേഷിനോട് പറയാതെ മറച്ചുവെക്കുമായിരുന്നെന്നും ഇതിലൊന്നും അസൂയ ഉണ്ടാവാതിരിക്കാനും മുകേഷിനെ സന്തോഷിപ്പിക്കാനുമായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തൻകാറുകളും ഫ്ലാറ്റും വാങ്ങി നൽകുമായിരുന്നെന്നും അഭിമുഖത്തിൽ അവർ പറയുന്നു.

സരിതയുമായി അന്ന് ആ അഭിമുഖം നടത്തിയത് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയായ വീണ ജോർജാണ്. വീഡിയോ വൈറലായതോടെ വീണാ ജോർജിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അന്ന് ഇത്രയും ക്രൂരതകൾ തുറന്നു പറയുന്നത് കേട്ടിരുന്ന സ്ത്രീയാണ് ഇന്ന് മുകേഷ് കൂടിയുള്ള സർക്കാരിന്റെ ഭാഗമായിരിക്കുന്നത്. അത്രയും ക്രൂരനായ അയാൾക്കൊപ്പം വിയോജിപ്പില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞ വീണ എങ്ങനെയൊരു സ്ത്രീയാകും എന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *