കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്ന നിലയിലുള്ള പാരമ്പര്യം അതേപോലെ മലയാളത്തിൽ ഉയർത്തി നിർത്താൻ സായികുമാറിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ അദ്ദേഹത്തിനു അഭിമാനിക്കാം. ‘റാംജി റാവ് സ്പീക്കിങ്ങിൽ’ തുടങ്ങി ഈ ആഴ്ച ഇറങ്ങിയ ‘ഭരതനാട്യം’ വരെയുള്ള അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇത് അടിവരയിടുന്നു
മലയാള സിനിമയുടെ ഏറ്റവും വലിയ കരുത്തായി കരുതപ്പെടുന്നത് നമ്മുടെ ഇൻഡസ്ടറിയിലെ സ്വഭാവ നടൻമാർ ആണ്. മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ സ്വഭാവ നടന്മാർ അഭിനയ മേഖലയിൽ വളരെ ശക്തരാണ്. ഒരുപക്ഷെ സിനിമയിൽ പലപ്പോഴും നായകന് മേലേ നിൽക്കുന്ന പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. എല്ലാ കാലവും മലയാളത്തിൽ ഒരു ജനറേഷൻ കാരക്ടർ ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. തിലകൻ, നെടുമുടി വേണു, ഭരത്ഗോപി, ജഗതി, ഇന്നോസ്ന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ തുടങ്ങിയ ഒരു ജനറേഷന് ശേഷം വന്ന പ്രധാന സ്വഭാവ നടന്മാർ ആണ് സിദ്ദിഖ്, സായികുമാർ, വിജയരാഘവൻ, മുകേഷ്, ജഗദീഷ്, അശോകൻ, തുടങ്ങിയവർ. ഇവരെല്ലാം വളരെ വളരെ മികച്ച അഭിനേതാക്കൾ ആണ്. സായികുമാറിന്റെ റേഞ്ച് വേറെ ലെവൽ ആണ് എന്ന് തോന്നിയിട്ടുണ്ട്. നായകനായി തുടങ്ങിയ സായികുമാറിന് കോമഡിയും, വില്ലനിസവും, സ്വാഭാവിക അഭിനയവും എല്ലാം പെർഫെക്ട് ആയി ചെയ്യാൻ കഴിയാറുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്ന നിലയിലുള്ള പാരമ്പര്യം അതേപോലെ മലയാളത്തിൽ ഉയർത്തി നിർത്താൻ സായികുമാറിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ അദ്ദേഹത്തിനു അഭിമാനിക്കാം. ‘റാംജി റാവ് സ്പീക്കിങ്ങിൽ’ തുടങ്ങി ഈ ആഴ്ച ഇറങ്ങിയ ‘ഭരതനാട്യം’ വരെയുള്ള അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇത് അടിവരയിടുന്നു. ഹിറ്റ്ലറിൽ ഒക്കെ സായികുമാറിന്റെ ഇൻട്രോ പനി പിടിച്ചു ആവി പിടിച്ചു എണീക്കുന്ന വില്ലൻ ആണ്. പിന്നീട് സിനിമ മുന്നോട്ട് നീങ്ങുമ്പോൾ മെല്ലെ മെല്ലെ അദ്ദേഹം കിടിലൻ ഒരു വില്ലനായി മാറുകയാണ്. അത് തന്നെയാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളിലെയും arc. സ്‌ക്രീനിൽ എത്തിയാൽ, സിനിമ പോകെ പോകെ റേഞ്ച് മെല്ലെ മെല്ലെ ഉയരുന്ന രീതിയിൽ ആണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഒക്കെയും. ലൂസിഫറിൽ ഒക്കെ അത് വ്യക്തമാണ്. മഹേഷ വർമ എന്ന കഥാപാത്രത്തിന്റെ റേഞ്ച് തുടക്കത്തിൽ low ആണ്. പിന്നെ പിന്നെ ആണ് ആ കഥാപാത്രത്തിന്റെ റേഞ്ച് മേലേക്ക് കേറുന്നത്. ഒടുവിൽ “ആരാണ് സ്റ്റീഫന്റെ തന്ത..?അല്ല..അത് പി കെ രാമദാസ് ആണെന്നൊരു..ഹാ..” എന്ന് പറയുന്നത് ആ കഥാപാത്രത്തിന്റെ പീക്ക് ആണ്. അപ്പോൾ അദ്ദേഹം മുഖം കൊണ്ടൊരു എക്സ്പ്രഷനും കൈ കൊണ്ട് ഒരു ആംഗ്യവും കാണിക്കുന്നുണ്ട്. ഒരു രക്ഷയും ഇല്ലാത്ത ഭാവമാറ്റം ആണ്. ചിന്തമണി കൊലകേസിലെ ‘കണ്ണായി പരമേശ്വരൻ’, വല്യേട്ടനിലെ ‘പട്ടേരി ശിവരാമൻ നായർ’, ചോട്ടാ മുംബൈയിലെ ‘മൈക്കിൾ ആശാൻ’, സേതുരാമ അയ്യരിലെ ‘സത്യ ദാസ്’, രാക്ഷസൻ രാജാവിലെ ‘ഗോമസ് അലക്സാണ്ടർ’, റൺ ബേബി റൺലെ ‘ഭരതൻ പിള്ള’ തുടങ്ങിയവയെല്ലാം ഈ ഒരു arc പിന്തുടർന്ന് പോകുന്നവയാണ്. ഈയടുത്ത് കണ്ട ‘ഭരതനാട്യം’ എന്ന സിനിമയിലും സായികുമാറിന്റെ ഗ്രാഫ് അങ്ങനെയാണ്. തുടക്കത്തിൽ ഒരു സാധാരണ കഥാപാത്രം പോലെ വന്നു ഒടുവിൽ ആ സിനിമ മുഴുവനും ഒറ്റയ്ക്ക് വിഴുങ്ങുന്ന കിടിലൻ പെർഫോമൻസ് ആണ് സായികുമാർ ചിത്രത്തിൽ കാഴ്ചവെക്കുന്നത്. സിനിമയിലെ സായികുമാറിന്റെ കോമഡി ടൈമിങ്ങുംഭാവങ്ങളും അപാരമാണ്. സിനിമയുടെ അവസാനത്തേക്ക് എത്തുമ്പോൾ സായികുമാറിന്റെ പെർഫോമൻസിന്റെ പീക്ക് എത്തുന്ന arc തന്നെയാണ്. സിനിമ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന രീതിയിൽ ആണ് സായികുമാറിന്റെ അഭിനയം. സിനിമയിലെ ‘പൂച്ച സീനിൽ’ (spoiler ആയത് കൊണ്ട് എന്താണെന്നു പറയുന്നില്ല) സായികുമാർ കൊടുത്ത ഭാവം അതിഗംഭീരമാണ്. ഈ ഒരു arc ന് വിപരീതമായി വന്ന സിനിമകളും ഉണ്ട്. തുടക്കം മുതൽ തന്നെ arc ഏറ്റവും മുകളിലേക്ക് എത്തുന്ന ചില സിനിമകളുമുണ്ട്. ഭരത്ചന്ദ്രനിലെ ‘ജനാബ് ഹൈദരാലി ഹസ്സൻ’, രൗദ്രത്തിലെ ‘സേതു’, ശിവത്തിലെ ‘ മേടയിൽ ദേവരാജൻ’, കുഞ്ഞികൂനനിലെ ‘വാസു’ ഒക്കെ തുടക്കത്തിൽ തന്നെ പീക്കിലേക്ക് കേറുന്ന വില്ലൻ കഥാപാത്രങ്ങൾ ആണ്. വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ സായികുമാർ ചെയ്ത സ്വാഭാവിക വേഷങ്ങൾ വളരെ underrated ആണ്. രാജമാണിക്യതിലെ ‘രാജരത്നം പിള്ള’, ആനന്ദഭൈരവിയിലെ ‘വാസുദേവ പണിക്കർ’, ആറാം തമ്പുരാനിലെ ‘നന്ദൻ’, നന്ദനത്തിലെ ‘രാമേട്ടൻ’ ടൈഗറിലെ ‘ജോസഫ് പോത്തൻ’, ബാബ കല്യാണിയിലെ ‘ഇസാ മുഹമ്മദ് ഹാജി’, ട്രാഫിക്കിലെ ‘ഡോക്ടർ സൈഫുദ്ദ്ധീൻ’ തുടങ്ങിയ കഥാപാത്രങ്ങൾ അത്രയും സൂക്ഷ്മമായ അഭിനയതോടെ അദ്ദേഹം ചെയ്ത് ഫലിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണ്. 2010ന് ശേഷം സായികുമാറിന് വെല്ലുവിളി ആയ വേഷങ്ങൾ കുറവായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ‘ഒരായിരം കിനാക്കളാൽ’ എന്ന ചിത്രത്തിലെ ‘ലാലാജി’ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെട്ടെന്നു കോമെഡി ആകും, പെട്ടെന്ന് ക്രൂരൻ ആകും, പെട്ടെന്ന് ശാന്തനാകും, അങ്ങനത്തെ ഒരു കഥാപാത്രം. റൺ ബേബി റൺലെ ഭരതൻ പിള്ളയും സൂപ്പർ ആണ്. സൗണ്ട് തോമയിലെ പ്ലാപ്പറമ്പിൽ പൌലോയും രസമാണ്. ലൂസിഫറിലെ മഹേഷ വർമ അത്യുജ്വലമാണ്. എന്നിരുന്നാലും 2010ന് ശേഷം സായികുമാർ എന്ന അഭിനേതാവിനെ ചലഞ്ച് ചെയ്യുന്ന വേഷങ്ങൾ 2010 തൊട്ട് ഇങ്ങോട്ട് കുറവായിരുന്നു. അത് കൊണ്ട് തന്നെ ഭരതനാട്യത്തിലെ ‘ഭരതൻ നായർ’ എന്ന ടൈറ്റിൽ കഥാപാത്രം അദ്ദേഹത്തിന് ലഭിച്ചത് ഒരു സായികുമാർ ഫാൻ എന്നാ രീതിയിൽ എന്നേ സന്തോഷിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സിനിമ അനുഭവസമ്പത്തിനെ ചലഞ്ച് ചെയ്യുന്ന വേഷമായിരുന്നു. സിനിമ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോഴും ഒരുപാട് സന്തോഷിച്ചു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി The Cue ചാനലിൽ മനീഷ് നാരായണന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു.. “ഒരു രണ്ട് തലമുറ കൂടി കഴിഞ്ഞാൽ സായികുമാർ എന്ന നടൻ ഇവിടെ ഉണ്ടായിരുന്നു എന്നത് പോലും ആരും ഓർക്കാൻ പോകുന്നില്ല. അത് ഒരു സത്യമാണ്. നമ്മൾ അത് അക്സപ്റ്റ് ചെയ്തേ കഴിയുള്ളു..”
ശെരിയായിരിക്കാം. രണ്ട് മൂന്ന് തലമുറകൂടി കഴിഞ്ഞാൽ ഇപ്പൊ ലെജൻഡറി ആയി നിൽക്കുന്നവർ മറവിയിലേക്ക് പോയേക്കാം.. എന്നാൽ താങ്കൾ അടക്കം ചെയ്ത് വെച്ച ശക്തമായ കഥാപാത്രങ്ങളുടെ ഐതിഹാസിക പദവിഎത്ര കാലം കഴിഞ്ഞാലും അത് പോലെ നിലനിൽക്കും. മരണമില്ലാതെ.. മറവിയില്ലാതെ..