ക്ഷീണം അകറ്റുന്ന ഊർജ്ജത്തിന്റെ ‘പവർഹൗസ്’ ; വേനൽകാലത്ത് കുടിക്കാം ആരോഗ്യഗുണങ്ങൾ നിരവധിയുള്ള കരിമ്പ് ജ്യൂസ് !

ക്ഷീണം അകറ്റുന്ന ഊർജ്ജത്തിന്റെ ‘പവർഹൗസ്’ ; വേനൽകാലത്ത് കുടിക്കാം ആരോഗ്യഗുണങ്ങൾ നിരവധിയുള്ള കരിമ്പ് ജ്യൂസ് !

വേനൽക്കാലം തുടങ്ങിയതോടെ പലരും ആശ്രയിക്കുന്ന പാനീയങ്ങളാണ് തണ്ണിമത്തൻ ജ്യൂസും സംഭാരവും നാരങ്ങാ വെള്ളവും ഒക്കെ. ശീതളപാനീയങ്ങളും ചൂടുകാലത്ത് ദാഹമകറ്റുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. പലവിധ ഫ്ലേവറുകളും പഞ്ചസാര ലായിനികളും ചേർത്തുണ്ടാക്കുന്ന കൂൾഡ് ഡ്രിങ്ക്സ് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ നാരങ്ങാ വെള്ളം, സംഭാരം, കരിക്ക്, തണ്ണിമത്തൻ തുടങ്ങിയവ ചൂടുകാലത്ത് ശരീരത്തിനും മനസിനും കുളിർമയേകുകയും അതേസമയം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുകയും ചെയ്യും. ഇത്തരം പാനീയങ്ങൾപോലെ ചൂടുകാലത്ത് കുടിക്കാൻ പറ്റിയ ഒരു പ്രകൃതിദത്ത പാനീയമാണ് കരിമ്പ് ജ്യൂസ്.

കൊടുംചൂടിൽ ദാഹമകറ്റാൻ പറ്റിയ കരിമ്പ് ജ്യൂസിന് മറ്റു ജ്യൂസുകളെ അപേക്ഷിച്ച് പൊതുവെ ആരും അത്ര പ്രാധാന്യം കൊടുക്കാറില്ല. കരിമ്പിന്റെ ലഭ്യതക്കുറവും മറ്റൊരു കാരണമാണ്. യഥാർത്ഥത്തിൽ മറ്റ് ജ്യൂസുകളോടൊപ്പം കുടിക്കാൻ പറ്റുന്ന, ക്ഷീണമകറ്റാൻ സഹായിക്കുന്ന രുചികരമായ ഒന്നാണ് കരിമ്പ് ജ്യൂസ്. ഫൈബർ, പ്രോട്ടീൻ, വൈറ്റമിന്‍ എ, ബി, സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങുന്ന കരിമ്പ് ജ്യൂസ് ഊര്‍ജത്തിന്റെ പവർഹൗസ് ആണെന്നുതന്നെ പറയാം. ശുദ്ധമായ കരിമ്പിൽ ഒരുപാട് ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

കരൾരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും മഞ്ഞപ്പിത്ത ശമനത്തിനും കരിമ്പ് ജ്യൂസ് നല്ലതാണ്. കരളിൻ്റെ ശക്തിപ്പെടുത്തി, പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിൻ്റെ ഉത്പാദനം നിയന്ത്രണത്തില്‍ നിര്‍ത്താനും കരിമ്പ് ജ്യൂസ് സഹായിക്കും. ശരീരത്തിലെ പല അണുബാധകൾ തടയാനും ഇവ സഹായിക്കും. ശരീരത്തില്‍ നിന്ന് വിഷാംശവും അണുബാധകളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് കരിമ്പ് ജ്യൂസ്. മൂത്രനാളിയിലെ അണുബാധകളെയും മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ പോലുള്ള പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ കരിമ്പ് ജ്യൂസിന് സാധിക്കും.

കൊളസ്‌ട്രോൾ, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ ഇല്ലാത്തതും സോഡിയം കുറഞ്ഞതുമായ ഒന്നാണ് കരിമ്പ് ജ്യൂസ്. ഇവയ്ക്ക് നീർക്കെട്ട് കുറച്ച് വൃക്കകളെ സംരക്ഷിക്കാനുള്ള കഴിവുമുണ്ട്. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കൂടിയാണ് കരിമ്പ് ജ്യൂസ്. ഇവ ദഹനസംവിധാനത്തെ ശക്തിപ്പെടുത്തുകയും വയറിലെ അണുബാധകളെ അകറ്റി നിർത്തുകയും ചെയ്യുന്നു. മലബന്ധം ഉള്ളവർക്കും ഇത് വളരെ ഉത്തമമാണ്. മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാനോ അലിഞ്ഞു പോകാനോ ഇടയാക്കുന്നവയാണ് കരിമ്പ് ജ്യൂസ്. ശരീരതാപനില കൂടുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന ‘ഫെബ്രൈല്‍ സീഷര്‍’ എന്ന ചുഴലി രോഗത്തിനും കരിമ്പ് ജ്യൂസ് നല്ലതാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കുന്ന കരിമ്പ് അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടം കൂടെയാണ്. ഇവ എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും കരിമ്പ് ജ്യൂസ് കുടിക്കുന്നവർക്ക് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കും. കരിമ്പിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ സി എന്നിവയാണ് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. ഇതും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *