മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത്, ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ അഭിനയിക്കേണ്ടി വന്നു: ഷീല

മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നി എന്റെ അമ്മയായി അഭിനയിച്ചത്, ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ അഭിനയിക്കേണ്ടി വന്നു: ഷീല

പൊന്നി എന്ന് വിളിച്ചിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വിയോഗം താങ്ങാനാവാതെ നടി ഷീല. 1972ല്‍ പുറത്തിറങ്ങിയ ‘നാടന്‍ പ്രേമം’ എന്ന ചിത്രത്തിലാണ് ഷീലയും കവിയൂര്‍ പൊന്നമ്മയും ഒന്നിച്ച് അഭിനയിക്കുന്നത്. തന്റെ അമ്മയാകാന്‍ അന്ന് മേക്കപ്പിട്ട് കറുപ്പിച്ചാണ് പൊന്നമ്മ അഭിനയിച്ചത്. ഷീലു എന്നേ എന്നെ വിളിക്കുള്ളു. സ്വന്തം അമ്മയോ സഹോദരിയോ വിട്ടു പോയത് പോലെ വേദനയുണ്ട് എന്നാണ് ഷീല മാതൃഭൂമിയോട് പ്രതികരിച്ചത്.

”ഭയങ്കര സങ്കടത്തിലാണ്. ഞങ്ങള്‍ തമ്മില്‍ അക്കാലത്തൊക്കെ ഭയങ്കര കൂട്ടായിരുന്നു. ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് നാടന്‍ പ്രേമം എന്ന സിനിമയിലാണ്. എന്റെ അമ്മ ആയിട്ടാണ് അഭിനയിച്ചത്. മേക്കപ്പിട്ട് കറുപ്പിച്ചാണ് അവര്‍ അഭിനിച്ചത്. അവരുടെ മകളായ ഞാന്‍ വെളുത്തിട്ടും, അതായിരുന്നു അതിന്റെ കഥയും. അന്നാണ് ആദ്യമായി കാണുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. നല്ല സ്ത്രീയായിരുന്നു.”

”ആരോടും മുഷിപ്പിച്ച് സംസാരിക്കില്ലായിരുന്നു. എന്നെ ഷീലു ഷീലു എന്ന് പറഞ്ഞ് വിളിക്കും. കഴിഞ്ഞ മാസം കൂടെ ഞങ്ങള്‍ സംസാരിച്ചതാണ്. അതിയായ സങ്കടമുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചവരാണ്. സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. ആ മുഖത്തൊരു കുലീനത്വമുണ്ട്. സ്വന്തം അമ്മയോ സഹോദരിയോ വിട്ടു പോയത് പോലെ വേദനയുണ്ട് എനിക്ക്.”

”അത്രത്തോളം സങ്കടമുണ്ട്. അവസാനമായി കാണുന്നത് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ ഷൂട്ടിംഗില്‍ വച്ചായിരുന്നു. ആറ് മാസം മുമ്പായിരുന്നു. നടക്കാനൊക്കെ പ്രയാസമുണ്ടായിരുന്നു. ഹോട്ടലൊന്നും ഇല്ലാത്തതിനാല്‍ ഒരു വീട്ടിലായിരുന്നു ഞാനും പൊന്നിയും താമസിച്ചത്. ഞങ്ങളുടെ കാലത്തുള്ളവരെല്ലാം അവരെ പൊന്നി എന്നായിരുന്നു വിളിച്ചിരുന്നത്.”

”എന്നെ ഷീലു എന്നേ വിളിക്കൂ. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല, വല്ലാത്ത സങ്കടമുണ്ട്” എന്നാണ് ഷീല പറയുന്നത്. അതേസമയം, ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. േമഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് വട്ടം നേടിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *