IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്‍ (137 പന്തില്‍ 86), ഋഷഭ് പന്ത് (108 പന്തില്‍ 82) എന്നിവരാണ് ക്രീസില്‍. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് 432 റണ്‍സിന്റെ ലീഡുണ്ട്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 10), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), വിരാട് കോഹ്‌ലി (37 പന്തില്‍ 17) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്തായിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 376 റണ്‍സിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ പേസര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതല്‍ അപകടകാരി.

64 പന്തില്‍ 32 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റന്‍ ദാസ് (42 പന്തില്‍ 22), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ (30 പന്തില്‍ 20), മുഷ്ഫിഖര്‍ റഹീം (14 പന്തില്‍ എട്ട്), ശദ്മന്‍ ഇസ്ലാം (രണ്ട്), സാക്കിര്‍ ഹസന്‍ (മൂന്ന്), മൊമീനുള്‍ ഹഖ് (പൂജ്യം), ഹസന്‍ മഹ്‌മൂദ് (ഒന്‍പത്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

40 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഷാക്കിബ് അല്‍ ഹസനും ലിറ്റന്‍ ദാസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ഇന്ത്യയ്ക്കായി ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *