സിദ്ദിഖ് എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; സംസ്ഥാനത്തിന് പുറത്തും തിരച്ചിൽ, അന്വേഷണസംഘത്തിനെതിരെ പ്രതിഷേധം

സിദ്ദിഖ് എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; സംസ്ഥാനത്തിന് പുറത്തും തിരച്ചിൽ, അന്വേഷണസംഘത്തിനെതിരെ പ്രതിഷേധം

ബലാത്സംഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി ഇരുട്ടിൽതപ്പി പൊലീസ്. ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട്‌ അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാൻ ഇതുവരെയും പൊലീസിനായിട്ടില്ല. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തിരച്ചിൽ തുടരുകയാണ്. അതേസമയം അന്വേഷണസംഘം പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്.

സിനിമ സുഹൃത്തുക്കളുടെ ഫോണുകൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു. എന്നാൽ യാതൊരു തുമ്പും കണ്ടെത്താനായില്ല.

അതേസമയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ച് വിധിപകർപ്പും കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് സൂചന. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

അതിനിടെ കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് ഹൈക്കോടതി സിദ്ദിഖിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *