Onam Special Train 2024: തിരുവനന്തപുരം: ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളികൾ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. വിദേശത്താണെങ്കിൽ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിലാകും ഓണാഘോഷം. അയൽ സംസ്ഥാനങ്ങളിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇത്തരം ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും നാട്ടിലെത്തി ഓണം കൂടാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഓണക്കാലത്തെ യാത്രാ ദുരിതമായിരുന്നു ഇതിൽ പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഓണത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചുവേളി – ഷാലിമാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ സമയക്രമത്തിൽ മാറ്റങ്ങളോടെ ഓണം വരെ നീട്ടിയിട്ടുണ്ട്.
കൊച്ചുവേളിയിൽ നിന്നും ഷാലിമാറിലേക്കും തിരിച്ചും നാല് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23, 30, സെപ്റ്റബംർ 6, 13 തീയതികളിലാണ് 06081 കൊച്ചുവേളി – ഷാലിമാർ ട്രെയിൻ സർവീസ്. കൊച്ചുവേളിയിൽ നിന്ന് വെള്ളിയാഴ്ചകളിൽ വൈകീട്ട് 06:20 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 01:40നാണ് ഷാലിമാറിലെത്തുക.
06082 ഷാലിമാർ കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ (തിങ്കളാഴ്ചകളിൽ) ഉച്ചയ്ക്ക് 2:20ന് യാത്ര ആരംഭിച്ച് മൂന്നാംദിനം രാവിലെ 09:55ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിലാണ് സർവീസ്. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഈ വർഷത്തെ തിരുവോണം.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. കൊച്ചുവേളിയിൽ നിന്ന് 04:20ന് പുറപ്പെടുന്ന ട്രെയിൻ 5:22നാണ് കൊല്ലത്തെത്തുക. 5:58 കായംകുളം, 06:20 ചെങ്ങന്നൂർ, 06:32 തിരുവല്ല, 06:58 കോട്ടയം, 08:45 എറണാകുളം ടൗൺ, 09:10 ആലുവ, 10:12 തൃശൂർ, 12:10 പാലക്കാട് എന്നിങ്ങനെയാണ് ഷാലിമാർ എക്സപ്രസിന്‍റെ കേരളത്തിലെ സ്റ്റേഷനുകളിലെ സമയം.
ഷാലിമാറിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ ബുധനാഴ്ച പുലർച്ചെ 01:55നാണ് പാലക്കാടെത്തുക. തുടർന്ന് 03:20 തൃശൂർ, 4:32 ആലുവ, 4:55 എറണാകുളം ടൗൺ, 6:30 കോട്ടയം, 7:04 തിരുവല്ല, 7:16 ചെങ്ങന്നൂർ, 7:42 കായംകുളം, 8:30 കൊല്ലം സ്റ്റേഷനുകൾ പിന്നിട്ടാണ് 9:55ന് കൊച്ചുവേളിയിലെത്തുക.