ജുറാസിക് പാർക്ക്, ഗോഡ്സില്ല, അനാക്കോണ്ട പോലെ തൊണ്ണൂറുകളിലെ പ്രേക്ഷകർക്ക് തീയേറ്ററിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ച മറ്റൊരു ആനിമൽ-ഹൊറർ ത്രില്ലർ തന്നെയായിരുന്നു ഡീപ്പ് റൈസിങ്ങ്.
സ്റ്റീഫൻ സോമ്മേഴ്‌സ് എഴുതി സംവിധാനം ചെയ്ത് ട്രീറ്റ് വില്യംസ് , ഫാംകെ ജാൻസൻ , ആൻ്റണി ഹീൽഡ് എന്നിവർ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ഹൊറർ ചിത്രമാണ് ഡീപ് റൈസിംഗ്. ആഴക്കടലിൽ നിന്നും ഉയർന്നുവന്ന് കപ്പലുകളെ ആക്രമിക്കുന്ന മനുഷ്യരെ ഇരയാക്കുന്ന ഭീമാകരൻ നീരാളിയുടെ തീമിൽ എടുത്ത ചലചിത്രമായിരുന്നു ഇത്. നമ്മളിൽ പലരും അക്കാലത്ത് ഈ സിനിമ തീയേറ്ററിലും വിസിആറിലും സിഡിയിലും ഒക്കെ കണ്ട് ഭയപ്പെട്ട സിനിമയാണിത്. നമ്മൾ കാണുന്ന സാധാരണ ചെറിയ നീരാളികളെ കൂടാതെ പസഫിക് സമുദ്രത്തിലെ ചില പ്രദേശത്ത് ജയൻ്റ് ഒക്ടോപ്പസ് എന്ന ഒരു നീരാളിവർഗ്ഗമുണ്ട്. ശരാശരി 20 അടി നീളവും 50 കിലോഗ്രാം ഭാരവുമുള്ള പസഫിക് ജയൻ്റ് ഒക്ടോപ്പസ് ആണ് ജീവലോകത്തിൽ അറിയപ്പെടുന്ന ഏറ്റവും വിലിപ്പമുള്ള നീരാളിവർഗ്ഗം. നീരാളികളുടെ സവിശേഷത എന്താണെന്നാൽ എല്ലില്ലാത്ത ജീവിവർഗ്ഗമാണവ. എന്നാൽ ഞണ്ടുകൾ, കക്കകൾ, ശംഖുകൾ എന്നിവയെ എല്ലാം അവയുടെ പുറന്തോട് കടിച്ചു പൊട്ടിച്ച് ഭക്ഷണമാക്കാൻ നീരാളിക്ക് നിഷ്പ്രയാസം കഴിയും. കാരണം അതിമൂർച്ചയേറിയ പല്ലുകൾ നീരാളിക്കുണ്ട്. അതുപയോഗിച്ചാണ് ഇവ ഇത്തരം ജീവികളുടെ ദൃഡതയുള്ള പുറന്തോടുകൾ കടിച്ചു പൊട്ടിക്കുന്നത്. നീരാളികൈകൾ ഉപയോഗിച്ച് വലിഞ്ഞുമുറുക്കി അവയുടെ ശരീരസ്രവങ്ങളും മാംസവും ഭക്ഷിച്ചശേഷം പുറന്തോട് നീരാളി തുപ്പിക്കളയും.
എന്നാൽ ചില ചൈനീസ്-ജാപ്പനീസ് നാടോടിക്കഥകളിൽ തിമിംഗലത്തേക്കാൾ വലിപ്പമുള്ള തിമിംഗലങ്ങളെവരെ ഭക്ഷിക്കാൻ ശക്തിയുള്ള അതിഭീകരമായ രാക്ഷസ നീരാളികളെ പറ്റി പരാമർശമുണ്ട്. കപ്പലുകളെ ഒക്കെ ഇവചുറ്റിവരിഞ്ഞ് മുക്കും എന്നുള്ള ഭയപ്പെടുത്തുന്ന മിത്തുകളും അവിടെ പ്രചരിച്ചിരുന്നു.അത്തരം ഒരു ഭീമാകരൻ രാക്ഷസനീരാളി ദക്ഷിണചൈനാക്കടലിൽ സഞ്ചരിച്ചിരുന്ന “ആർഗോനോട്ടിക്ക” എന്ന വലിയ ഒരു ആഡംബര കപ്പലിനെ ആക്രമിക്കുകയും കപ്പലിലുള്ള ഭൂരിഭാഗം ആളുകളേയും ഭക്ഷണമാക്കുകയും തുടർന്നുള്ള അതിജീവനവും റെസ്ക്യൂ ഓപ്പറേഷനും ആണ് കഥയുടെ ഇതിവൃത്തം. തുടക്കത്തിൽ പ്രേക്ഷകന് ഒരിക്കലും മനസിലാക്കാൻ പറ്റുമായിരുന്നില്ല ഇത് എന്ത് അജ്ഞാത ഭീകര ജീവിയാണെന്ന്. കാരണം അതിവേഗത്തിൽ പാമ്പിനേ പോലെ പാഞ്ഞടുക്കുന്ന നീരാളിയുടെ കൈപോലൊരു സാധനം ആയിട്ടാണ് കാണിക്കുന്നത്. അത് കപ്പലിലെ പലയിടങ്ങളിലും ആക്രമണം നടത്തുന്നതിനാൽ ഇത് ഒരുകൂട്ടം ഭീകരജീവികൾ ആണോ എന്നും പ്രേക്ഷകർ സംശയപ്പെട്ടു. എന്നാൽ സത്യത്തിൽ ഇത് ഒക്ടാലസ് എന്ന ഒറ്റ ഒരു ഭീകരനീരാളിയായിരുന്നു. എന്നാൽ സാധാരണ നീരാളികളിൽ നിന്ന് വിഭിന്നമായി ഇതിന്റെ പ്രത്യേകത എന്തെന്നാൽ സ്വാഭാവികമായ തലയ്ക്ക് പുറമേ ഇതിന്റെ ഓരോ കൈകളിലും ഉള്ളിവും തലയും വായും ഉണ്ടായിരുന്നു. അങ്ങനെയാണ് കൈക്കുള്ളിൽ വച്ച് തന്നെ അത് മനുഷ്യരെ വിഴുങ്ങുന്നത്.ക്ലൈമാക്സിൻ്റെ തൊട്ടുമുന്നെ മാത്രമാണ് ഈ ഭീകരനീരാളിയെ മുഴുവനുമായി കാണിക്കുന്നത്.
കപ്പലിനുള്ളിലെ ഓരോ യാത്രക്കാരെയും ക്രൂവിനേയും ഓരോന്നോരോന്നായി പിടികൂടി ഭക്ഷിക്കുന്ന ഈ നീരാളി ശരീരസ്രവങ്ങൾ ഊറ്റിയെടുത്ത് അസ്ഥികൾ മാത്രം ചവച്ചുതുപ്പി അതൊരു പ്രേതകപ്പലാക്കുന്നു. പോരട്ടങ്ങൾക്കൊടുവിൽ നായകനും നായികയും നായകൻ്റെ സുഹൃത്തും മാത്രം അവശേഷിക്കുന്നു. അവർ തന്ത്രപരമായി മിസൈൽ ബോംബുകൾ സെറ്റ് ചെയ്ത് കപ്പലിൽ വൻ സ്ഫോടനമുണ്ടാക്കി ജീവിയെ കീഴടക്കാൻ ശ്രമിക്കുകയും സ്ഫോടനത്തിനൊടുവിൽ ഈ ഭീകരജീവി പൊട്ടിത്തെറിയിൽ ഛിന്നഭിന്നമാവുകയും കത്തിക്കരിഞ്ഞുപോവുകയും നായകനും നായികയും ഒരു സ്പീഡ് ബോട്ട് ഓടിച്ച് രക്ഷപ്പെട്ട് ഒരു ദ്വീപിൽ കരയ്ക്ക് കയറി സംരക്ഷിതരാവുകയും ചെയുന്നു. ക്ഷീണത്താൽ മയങ്ങിപ്പോകുന്ന അവർ രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു പോയി എന്ന് കരുതിയ സുഹൃത്തും അങ്ങോട്ട് നീന്തിവരുന്നു.
അങ്ങനെ രക്ഷപ്പെട്ട സന്തോഷത്തിൽ മൂവരും ആ ദ്വീപിൻ്റെ കരയിൽ ആശ്വാസത്തോടെ ഇരിക്കുമ്പോൾ ആണ് ദ്വീപിനുള്ളിൽ നിന്നും ഭയാനകമായ ഒരു ശബ്ദം കേൾക്കുന്നത്. ദ്വീപിനുള്ളിൽ ഒരു കൊടും കാടായിരുന്നു. അതിനപ്പുറം വളരേ ദൂരെ ഒരു അഗ്നപർവതത്തിൽ നിന്ന് ലാവാപ്രവാഹവും കാണുന്നു. എന്നാൽ കാടിനുള്ളിൽ നിന്ന് എന്തോ ഒരു സംഭവം അലറിക്കൊണ്ട് അവർക്കുനേരെ തീരത്തേക്ക് വരുന്നുണ്ട്. മറ്റൊരു ഭീകരജീവി ആവുമോ അത്? അങ്ങനെ വീണ്ടും ഹൊറർ മൂഡ് കൊണ്ടുവന്ന് കഥ അവസാനിക്കുന്നില്ല ഒരു സെക്കന്റ് പാർട്ട് വന്നേക്കാം എന്ന പ്രതീതി തന്ന് സിനിമ അവസാനിക്കുന്നു. എന്നാൽ വേൾഡ് വൈഡ് ബോക്സോഫീസിൽ അർഹിച്ച വിജയം നേടാനാവാതെ പോയതിനാൽ ആവാം തുടർന്ന് ഈ സിനിമയ്ക്ക് ഒരു സെക്കന്റ് പാർട്ട് വന്നതുമില്ല. എന്തായാലും ജുറാസിക് പാർക്ക്, ഗോഡ്സില്ല, അനാക്കോണ്ട പോലെ തൊണ്ണൂറുകളിലെ പ്രേക്ഷകർക്ക് തീയേറ്ററിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സമ്മാനിച്ച മറ്റൊരു ആനിമൽ-ഹൊറർ ത്രില്ലർ തന്നെയായിരുന്നു ഡീപ്പ് റൈസിങ്ങ്.