‘വിധവകൾ മേക്കപ്പ് ചെയ്യേണ്ടതില്ല’; പട്ന ഹൈക്കോടതി പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

‘വിധവകൾ മേക്കപ്പ് ചെയ്യേണ്ടതില്ല’; പട്ന ഹൈക്കോടതി പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വിധവയ്ക്ക് മേക്കപ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന പട്ന ഹൈക്കോടതിയുടെ വിചിത്ര പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈക്കോടതിയുടെ നിരീക്ഷണം നിയമപരമായി അംഗീകരിക്കാനാകില്ലെന്നും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് പട്ന ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

1985 ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പട്‌ന ഹൈക്കോടതി നടത്തിയ പരാമർശത്തിലാണ് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. പാരമ്പരാഗതമായി കൈമാറിക്കിട്ടിയ വീടിന്റെ പേരിലെ തര്‍ക്കത്തിനൊടുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഹൈക്കോടതി പരാമർശത്തെ വിമർശിച്ചത്.

ഇത്തരമൊരു പരാമര്‍ശം ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന നീതിബോധത്തിനും നിഷ്പക്ഷതയ്ക്കും ചേര്‍ന്നതല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. കേസിൽ അഞ്ച് പേരുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി മറ്റ് രണ്ട് കൂട്ടുപ്രതികളെ വെറുതെവിട്ടിരുന്നു. വിചാരണ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും നേരത്തെ കുറ്റവിമുക്തരാക്കിയ 2 പേരെയും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്ന വീട്ടിൽ തന്നെയാണോ ഇവര്‍ താമസിച്ചിരുന്നതെന്ന് ഹൈക്കോടതി പരിശോധിച്ചിരുന്നു. മരിച്ചയാളുടെ മാതൃസഹോദരൻ്റെയും അമ്മാവൻ്റെയും സഹോദരൻ്റെയും അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ, ഇര ഇതേ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിഗമനത്തിലെത്തുകയും ചെയ്തു. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ സംബന്ധിച്ച പരാമര്‍ശത്തിലായിരുന്നു ഹൈക്കോടതിയുടെ വിചിത്ര പരാമർശം.

ഉദ്യോഗസ്ഥൻ, വീട് പരിശോധിച്ചതായും യുവതി അവിടെ താമസിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ മേക്കപ്പ് സാമഗ്രികൾ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വിധവയായ മറ്റൊരു സ്ത്രീയും വീടിൻ്റെ അതേ ഭാഗത്ത് താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാൽ ആ സ്ത്രീ വിധവയായതിനാൽ മേക്കപ്പ് സാമഗ്രികൾ അവളുടേതാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘വിധവയായതിനാൽ അവൾക്ക് മേക്കപ്പ് ചെയ്യേണ്ട ആവശ്യമില്ല” എന്നായിരുന്നു കോടതി റിപ്പോര്‍ട്ടിൽ നിരീക്ഷിച്ചത്.

ഹൈക്കോടതിയുടെ ഈ പരാമർശമാണ് സുപ്രിംകോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത വിമര്‍ശനത്തോടെ തള്ളിയത്. ചില മേക്കപ്പ് സാധനങ്ങൾ കണ്ടെത്തിയതുകൊണ്ട് കൊല്ലപ്പെട്ട യുവതി ആ വീട്ടിൽ താമസിച്ചിരുന്നു എന്നതിന് നിർണായക തെളിവാകാൻ കഴിയില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് മറ്റൊരു സ്ത്രീ അവിടെ താമസിക്കുമ്പോൾ. കോടതി കണ്ടെത്തിയത് ഈ ബന്ധം തീര്‍ത്തും യുക്തിരഹിതമാണെന്നും യുവതിയുടെ വസ്ത്രങ്ങളോ, പാദരക്ഷകളോ തുടങ്ങി സ്വകാര്യ വസ്‌തുക്കൾ ഒന്നും തന്നെ വീട്ടിൽ നിന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. കൊലപാതകവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെയും വെറുതെ വിടാൻ കോടതി നിര്‍ദേശിക്കുകയുമായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *