‘സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാട്’; എംപിയെ തള്ളി കെ സുരേന്ദ്രൻ രംഗത്ത്

‘സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാട്’; എംപിയെ തള്ളി കെ സുരേന്ദ്രൻ രംഗത്ത്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുരേന്ദ്രൻ രംഗത്ത് വന്നത്. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. അതേസമയം, സുരേഷ് ഗോപിക്ക് മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുപടി.

ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *