ബോളിവുഡ് എന്നെ കരിമ്പട്ടികയില്‍ പെടുത്തി, എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്, രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞാല്‍ ദേശവിരുദ്ധരാക്കും: സ്വര ഭാസ്‌കര്‍

ബോളിവുഡ് എന്നെ കരിമ്പട്ടികയില്‍ പെടുത്തി, എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്, രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞാല്‍ ദേശവിരുദ്ധരാക്കും: സ്വര ഭാസ്‌കര്‍

തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം തന്നെ ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്ന് നടി സ്വര ഭാസ്‌കര്‍. 2022ല്‍ പുറത്തിറങ്ങിയ ജഹാന്‍ ചാര്‍ യാര്‍ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ബിജെപി സര്‍ക്കാറിന്റെ പല നയങ്ങള്‍ക്കെതിരെയും സ്വര പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം അധികം പ്രതികരിക്കാറില്ല. തനിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു എന്നാണ് സ്വര പറയുന്നത്.

”രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതാണ് പ്രധാന പ്രശ്‌നം. എന്റെ രാഷ്ട്രീയ നിലപാട് കാരണം ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തി. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ എനിക്കതില്‍ ദുഃഖമൊന്നും തോന്നുന്നില്ല. ഞാന്‍ തിരഞ്ഞെടുത്തത് വ്യത്യസ്ത വഴിയായതിനാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു.”

”എന്നാല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം വളരെ വേദനയുണ്ടാക്കുന്ന ഒന്നായിരുന്നു. കാരണം സിനിമയെ അത്രയധികം സ്‌നേഹിച്ചിരുന്നു. ഇപ്പോഴും ആ സ്‌നേഹമുണ്ട്. കഴിവുള്ള അഭിനേതാവാണ് ഞാനെന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും തുടരാന്‍ ആഗ്രഹിക്കുന്നതും.”

”മാറ്റി നിര്‍ത്തിയതിന് ബോളിവുഡിനെയോ സംവിധായകരെയോ നിര്‍മ്മാതാക്കളെയോ കുറ്റപ്പെടുത്താനില്ല. അവരല്ല ഒന്നും തീരുമാനിക്കുന്നത്. നമ്മുടെ രാജ്യം ഭരിക്കുന്ന ശക്തികളാണ്. അവര്‍ക്കെതിരെ പറയുന്നവര്‍ക്കുള്ള ശിക്ഷയാണ് നടപ്പാക്കുന്നത്. എതിര്‍ക്കുന്നവരെ ആ ശക്തികള്‍ ക്രിമിനലുകളാക്കുന്നു. ദേശവിരുദ്ധരാക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുള്ളവരാണെന്ന് വരുത്തിത്തീര്‍ക്കുന്നു.”

”ഇതിനെല്ലാം പുറമെ, ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഞാന്‍ മാത്രമല്ല, ഒരുപാട് പേരുണ്ട്. എന്റെ നിരവധി സുഹൃത്തുക്കള്‍ ജയിലില്‍ കഴിയുന്നുണ്ട്. എന്നെ പോലെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കുന്ന മറ്റ് താരങ്ങളെയും അവര്‍ പലതരത്തില്‍ വേട്ടയാടുന്നുണ്ട്” എന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *