ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്ത് ലോക ശ്രദ്ധ നേടുകയാണ് അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായ ലുമിനസ്‌ക ഫ്യൂർസിന. ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത് ഗിന്നസ് റെക്കോർഡും നേടിയിരിക്കുകയാണ് ഈ 36-കാരി. ടാറ്റൂ മാത്രമല്ല, 89 ബോഡി മോഡിഫിക്കേഷനുകളും ഈ യുവതി ചെയ്തിട്ടുണ്ട്. ഏറ്റവും പരിഷ്കരിച്ച ശരീരഘടനയുള്ള സ്ത്രീ എന്ന റെക്കോർഡും ലുമിനസ്‌കയ്ക്ക് സ്വന്തമാണ്.
പത്ത് വർഷത്തിനുള്ളിൽ ലുമിനസ്‌ക തന്റെ ശരീരത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്. കൺപോളകളിൽ പച്ചകുത്തുകയും മറ്റ് പ്രധാന ശരീര പരിഷ്കാരങ്ങൾക്കൊപ്പം തലയോട്ടിയിൽ സ്കെയിൽ പോലുള്ള ഇംപ്ലാൻ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ലുമിനസ്‌കയുടെ ശരീരത്തിൽ മഷി പടർന്നതാണെന്നേ തോന്നുകയുള്ളൂ.
കൈകൾ, കാലുകൾ, തലയോട്ടി, നാവ്, മോണ, കണ്ണ്ഗോളങ്ങളുടെ വെളുത്ത പുറം പാളിയായ സ്‌ക്ലെറ, ജനനേന്ദ്രിയങ്ങൾ തുടങ്ങിയ അതിസൂക്ഷ്മമായ ശരീരഭാഗങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട്.
‘ഗിന്നസ് വേൾഡ് റെക്കോർഡ് കുടുംബത്തിൽ ചേരുന്നതിൽ എനിക്ക് ബഹുമാനവും ആശ്ചര്യവും തോന്നുന്നു. കുട്ടിക്കാലത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിനെയും റെക്കോർഡ് ഉടമകളേയും ആരാധിച്ചാണ് ഞാൻ വളർന്നത്. ഞാൻ അതിൽ ഉൾപെട്ടതിൽ ഞാൻ ആശ്ചര്യപ്പെടുന്നു എന്നാണ് അഭിമാനത്തോടെ തൻ്റെ ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈവശം വച്ച് കൊണ്ട് യുവതി പറയുന്നത്.
ഒരു സൈനിക കുടുംബത്തിൽ നിന്ന് വരുന്ന ലുമിനസ്‌ക തൻ്റെ യൗവനത്തിൻ്റെ ഭൂരിഭാഗവും അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ചതായാണ് ഒരു ബ്രിട്ടീഷ് റഫറൻസ് ബുക്കിൽ പറയുന്നത്. മൂന്ന് വർഷം ജപ്പാനിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം, കുടുംബത്തിൻ്റെ പാത പിന്തുടർന്ന് അവർ മെഡിക്കൽ സർവീസ് ഓഫീസറായി സൈന്യത്തിൽ ചേരുകയായിരുന്നു.
സൈന്യത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ലുമിനസ്ക പത്ത് വർഷം മുൻപാണ് വിരമിക്കുന്നത്. ഇതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷൻ, ടാറ്റൂ എന്നിവ ചെയ്യാൻ ആരംഭിച്ചത് എന്നാണ് ലുമിനസ്ക ഫ്യൂർസിന പറയുന്നത്. കൈകളിലും കാലുകളിലും മാത്രമല്ല, കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ലുമിനസ്ക ടാറ്റൂ ചെയ്തിട്ടുണ്ട്. ‘ഇരുട്ടിനെ പ്രകാശമാക്കി മാറ്റുക’എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.