ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്; കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, ക്ഷേത്രത്തിൽ ശുദ്ധിക്രിയ

ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്; കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, ക്ഷേത്രത്തിൽ ശുദ്ധിക്രിയ

തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രസാദ ലഡു നിർമ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘ദിണ്ടിഗലിലെ എആർ ഡയറിയിൽ നിന്ന് ജൂലൈ ആറിനും 15നും 2 ടാങ്കർ നെയ്യ് തിരുപ്പതിയിലെത്തി. എന്നാൽ രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽ നെയ്യ് ഉപയോഗിച്ചില്ല. 4 ടാങ്കറിലെയും നെയ്യ് മാറ്റിവയ്ക്കുകയും, സാംപിളുകൾ ഗുജറാത്തിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. നിശ്ചിത ഗുണനിലവാരം ഇല്ലെന്ന ലാബ് റിപ്പോർട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചപ്പോൾ നെയ്യ് തിരിച്ചയച്ചു കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു’- ടിടിഡി റിപ്പോർട്ടിൽ പറയുന്നു.

ജഗൻ മോഹൻ റെഡ്ഢി ഭരണം ഉണ്ടായിരുന്ന 2022 മുതൽ ഇതുവരെ 14 ടാങ്കർ നെയ്യ്, സമാന കാരണങ്ങളാൽ തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേസമയം തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ വിതരണക്കാരായ എആർ ഡയറിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചു.

സ്ഥാപനം മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ്. എആർ ഡയറി വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയെന്നും എഫ്എസ്എസ്എഐ നോട്ടീസിലൂടെ അറിയിച്ചു.

അതിനിടെ തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നെന്ന ആരോപണത്തെ തുടർന്ന് വെങ്കിടേശ്വര സ്വാമിയെ പ്രീതിപ്പെടുത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്രത്തിൽ നാല് മണിക്കൂർ നീണ്ട ശുദ്ധിക്രിയ നടത്തി. ശുദ്ധീകരണ ചടങ്ങുകളിലൂടെ പ്രസാദങ്ങളുടെ പവിത്രത പുനഃസ്ഥാപിച്ചതിനാൽ പ്രസാദമായ ലഡുവിനെ കുറിച്ചുള്ള ആശങ്ക ഭക്തർ അവസാനിപ്പിക്കണമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *