ആർക്കെതിരെ ആരോപണം വന്നാലും അതിൽ വസ്തുത ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍. ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ലെന്നും നടപടികൾ കൃത്യതയോടെ നടപ്പിലാക്കുമെന്നും ടി.പി രാമകൃഷ്ണ ൻ പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാർ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണന്‍.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെ മാറ്റിയേ തീരു എന്ന നിലപാടിലാണ് സിപിഐ ഉള്ളത്. സർക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയത്തിൽ ഗൗരവമുള്ള ഇടപെടലുണ്ടാകണമെന്നാണ് സിപിഐയുടെ ആവശ്യം. മുന്നണി നേതൃത്വത്തെയും സിപിഎം നേതൃത്വത്തേയും ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐക്കു ബോധ്യപ്പെടുന്നില്ലെന്ന് സിപിഐയോട് തന്നെ ചോദിക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലയെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട് വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു എന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
അതേസമയം തൃശൂർപൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന് മുന്നിലുണ്ടെന്നും അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കുമെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ല. തന്‍റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.