മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; അവര്‍ പിന്നീട് പുരോഗമനമുഖവുമായി വന്നു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; അവര്‍ പിന്നീട് പുരോഗമനമുഖവുമായി വന്നു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല്‍ വന്ന ഉടന്‍ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ അതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായതിനാല്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേര്‍ന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. അത്തരം നിലപാടുകള്‍ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്’ – ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. കുറ്റാരോപിതര്‍ നിയമ നടപടികള്‍ നേരിടണം. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല്‍ വന്ന ഉടന്‍ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു. അംഗങ്ങളില്‍ ആരുടെയും പേരില്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ, കോടതിയുടെ ഭാഗത്തുനിന്ന് ഒരു പരാമര്‍ശം ഉണ്ടാകുകയോ, അറസ്‌റ്റോ ഉണ്ടായാല്‍ ആ സമയം അംഗത്വം സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചാല്‍ സംഘടനയിലേക്ക് കടന്നുവരാം’- ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കമ്മീഷന്‍ വാങ്ങിയെന്ന ആഷിഖ് അബുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഉണ്ണികൃഷ്ണ്‍ കൂട്ടിച്ചേര്‍ത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *