ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‍സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമൻ (26) ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഫറൂഖ് അമനെ അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പൊലീസിന്റെ പിടിയിലാകുന്നത്. ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലുള്ള നിസാമാബാദിലെ സഹ്രിയ ഗ്രാമവാസിയാണ് ഇയാൾ. നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഒരു ആസൂത്രിത സംഘത്തിലെ കണ്ണിയാണ് ഈ യുവാവെന്ന് പൊലീസ് പറഞ്ഞു.

ആളുകളെ മത്സര പരീക്ഷകളിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി അവരിൽ നിന്ന് പണം വാങ്ങിയതിനും ഓൺലൈൻ ചൂതാട്ടം സംഘടിപ്പിച്ചതിനുമൊക്കെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് മൊബൈൽ ഫോണുകളും ആധാർ കാർഡും നിരവധി രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്. ലക്നൗ സൈബർ ക്രൈം കമ്മീഷണറേറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *