സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും പുരുഷന്മാരില്‍ 15 മുതല്‍ 30 ശതമാനം വരെയും കണ്ടുവരുന്നു
ഒട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്‍, പാരമ്പര്യം, അമിതവണ്ണം തുടങ്ങിയവയാണ് വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. ആഗോളതലത്തില്‍ സ്ത്രീകളില്‍ ഇത് 40 മുതല്‍ 60 ശതമാനം വരെയും പുരുഷന്മാരില്‍ 15 മുതല്‍ 30 ശതമാനം വരെയും കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. രക്തം തിരിച്ചൊഴുകുന്നതിനെ തടയുന്ന വാല്‍വുകള്‍ തകരാറിലാകുമ്പോള്‍ രക്തത്തിന്‍റെ ഒഴുക്ക് തടസപ്പെടുകയും കാലിലെ വെയിനുകള്‍ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിൻ. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിത കാലം മുഴുവന്‍ നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യുന്നു.പുകവലിയാണ് വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയെ വഷളാക്കുന്ന മറ്റൊരു ഘടകം. പ്രായമായവരില്‍ മാത്രമല്ല പരാമ്പര്യവും ജീവിതശൈലി മാറ്റത്തെ തുടര്‍ന്നും രോഗം ആരിലും ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പതിവ് വ്യായാമം, ആരോഗ്യകരമായ ഡയറ്റ്, പുകയില ഉപയോഗം ഒഴിലാക്കുക എന്നിവയാണ് വെരിക്കോസ് വെയിന്‍ വരാതെ തടയാനുള്ള മാര്‍ഗം.
ത്രോംബോഫ്ലെബിറ്റിസ് (രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് സിരകളില്‍ ഉണ്ടാകുന്ന വീക്കം), കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കഴപ്പ്, കാലിലെ തൊലി കറുത്ത് കട്ടിയായി വളരുക, മുറിവുകൾ ഉണങ്ങാൻ കാല താമസം, വ്രണങ്ങള്‍ പൊട്ടിയുള്ള രക്ത സ്രാവം തുടങ്ങിയ സങ്കീർണതകൾ വെരിക്കോസ് വെയിൻ കാരണം ഉണ്ടാകാം.
സ്ത്രീകളില്‍ വെരിക്കോസ് വെയിന്‍ കൂടുതല്‍ കാണപ്പെടുന്നതിന് കാരണം…
സ്ത്രീകളില്‍ കാണപ്പെടുന്ന പ്രൊജസ്ട്രോൺ എന്ന ഹോർമോണിന് മൊത്തത്തിലുള്ള സിരകളുടെ ആരോഗ്യത്തിലും വെരിക്കോസ് സിരകളുടെ രൂപീകരണത്തിലും കാര്യമായ സ്വാധീനം ചെലുത്താനാകും. പ്രൊജസ്ട്രോൺ സാന്നിദ്ധ്യം കുറയുന്നത് വെരിക്കോസ് വെയിന്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സഫീനസ് സിരകൾ എന്നറിയപ്പെടുന്ന കാലുകളിലെ സിരകൾ, പ്രൊജസ്ട്രോണിലെ അസന്തുലിതാവസ്ഥയോട് കൂടുതൽ സെൻസിറ്റീവ് ആണെന്ന് തെളിയിച്ചിട്ടുണ്ട്.