കർഷക സമര വേദിയിൽ ഐക്യദാർഢ്യവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിലെ ശംഭു അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായാണ് വിനേഷ് ഫോഗട്ട് എത്തിയത്. 200 ദിവസമായി കർഷകർ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കർഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും വിനേഷ് പ്രതികരിച്ചു. അവരില്ലാതെ ഒന്നും സാധ്യമല്ല. ജനങ്ങൾ ഇങ്ങനെ തെരുവിൽ ഇരുന്നാൽ രാജ്യം പുരോഗമിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കുചേർന്ന വിനേഷ് ‘നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറഞ്ഞ് പൂർണപിന്തുണയും ഉറപ്പു നൽകി. ‘എല്ലാവരും രാജ്യത്തെ പൗരന്മാരാണ്. ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു. അവകാശങ്ങൾക്കായി നമ്മള്‍ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല’- ഫോഗട്ട് പറഞ്ഞു.
മിനിമം താങ്ങുവിലക്ക് സർക്കാർ നിയമ പരിരക്ഷ ഉറപ്പു നൽകണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന്റെ 200-ാം ദിവസത്തിലെ പ്രതിഷേധത്തിലാണ് വിനേഷ് പങ്കെടുത്തത്. കായിക താരത്തെ കർഷകർ ഹാരമണിയിച്ചാണ് ആദരിച്ചത്. ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരൻ്റി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ബോളിവുഡ് നടിയും പാർലമെൻ്റ് അംഗവുമായ കങ്കണ റണാവത്തിനെതിരെ കർശന നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരെ തുടർച്ചയായി അപമാനിക്കുന്ന കങ്കണക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും തയാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ പങ്ക് ചെലുത്താൻ ശേഷിയുള്ള കർഷകരുടെ നിലപാട് നിർണായകമാകും.