
ഡെഡ് ലൈൻ (deadline) :
അമേരിക്കൻ സിവിൽ വാർ കാലഘട്ടത്തിൽ ആൻഡേഴ്സൺവില്ലേ ജയിലിൽ നിന്നാണ് ഈ പ്രയോഗം ഉത്ഭവിച്ചത്.ജയിലിൽ കുത്തി നിറച്ചിട്ടുള്ള തുറന്ന സ്ഥലത്തു നിന്നും തടവുകാർ രക്ഷപ്പെടാതിരിക്കാൻ ഏതാണ്ട് 20 അടി അകലത്തിലായി ചിലയിടങ്ങളിലൊക്കെ ഒരു അടയാളം വെച്ചിരുന്നു. ആ തടി കൊണ്ടുള്ള ലക്ഷ്മണ രേഖ ലംഘിക്കുന്നവരെ മുകളിൽ നിന്നുള്ള സൈനികർക്കു വെടി വയ്ക്കാൻ അനുവാദമുണ്ടായിരുന്നു. ഈ അടയാളത്തിനെ ഡെഡ് ലൈൻ എന്ന് വിളിച്ചിരുന്നു .പിന്നീട് അടയാളമില്ലെങ്കിലും ആ ദൂരം മറികടന്നു പോകാൻ ശ്രമിക്കുന്ന തടവുകാരെ വെടിവെച്ചു വീഴ്ത്തിയിരുന്നു.അതില്‍നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം എന്ന് പറയപ്പെടുന്നു.പിന്നീട് പത്ര സ്ഥാപനങ്ങളിലും മറ്റും ജോലികൾക്കു സമയപരിധി കുറിയ്ക്കാനായി ഈ പദം ഉപയോഗിച്ചു തുടങ്ങി. പതിയെ പതിയെ എല്ലാ ജോലികൾക്കും അത് പൂർത്തിയാക്കാൻ ഉള്ള അന്തിമസമയമോ , പരിധിയോ സൂചിപ്പിക്കാൻ ഡെഡ് ലൈൻ എന്ന പ്രയോഗം നിലവിൽ വന്നു.
പാപ്പരാസ്സി :1997 ഓഗസ്റ്റ് 31-ന് പാരിസിൽ വച്ച് ഡയാന രാജകുമാരി (Diana, Princess of Wales) ഒരു കാറപകടത്തിൽ കൊല്ലപ്പെട്ട വാർത്തയുമായി ബന്ധപ്പെട്ടാണ് ‘പാപ്പരാസി’ എന്ന വാക്ക് പലരും ആദ്യമായി കേട്ടിട്ടുള്ളത്. ഡയാന തന്റെ സുഹൃത്തായ ദോദി അൽ ഫയദിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നാലെ കൂടിയ പാപ്പരാസികളെ ഒഴിവാക്കാനായി കാർ ഡ്രൈവർ നടത്തിയ ഓട്ടപ്പാച്ചിലാണ് അപകടത്തിൽ കലാശിച്ചത്.സിനിമാ-കായികതാരങ്ങൾ, വൻ ബിസ്സിനസ്സുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ ഉന്നതരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെയും , സ്വകാര്യതയെ മാനിക്കാതെയും ഒളിഞ്ഞു നിന്നും മറ്റും പകർത്തി ടാബ്ലോയിഡ്/ഗോസ്സിപ്പ് മാഗസിനുകൾക്ക് വിറ്റ് പൈസ സമ്പാദിക്കുന്ന ഫോട്ടോഗ്രാഫർമാരെയാണ് പാപ്പരാസികൾ എന്നു പറയുന്നത്. തങ്ങൾ ലക്‌ഷ്യം വയ്ക്കുന്നവരെ അവരറിയാതെ പിന്തുടർന്നാണ് പാപ്പരാസികൾ കാര്യങ്ങൾ സാധിക്കുന്നത്.
1960-ൽ പുറത്തിറങ്ങിയ ‘ലാ ഡോൾച്ചേ വീത്ത’ (La Dolce Vita) എന്ന ഇറ്റാലിയൻ-ഇംഗ്ലീഷ് സിനിമയിൽ പപ്പരാത്സോ എന്ന പേരിൽ ഒരു ന്യൂസ് ഫോട്ടോഗ്രാഫർ ഉണ്ട്. പാപ്പരാസി എന്ന വാക്കിന്റെ ഉത്ഭവം ഈ കഥാപാത്രത്തിൽ നിന്നാണെന്ന് കരുതപ്പെടുന്നു. കൊതുകിനെയും , വണ്ടിനേയും പോലെ മൂളിപ്പറക്കുകയും , ഉപദ്രവിക്കുകയും ചെയ്യുന്ന ജീവികളെ സൂചിപ്പിക്കാൻ ഇറ്റലിയിലെ ചില പ്രാദേശികഭാഷകളിൽ പപ്പരാത്സോ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് സിനിമയുടെ സംവിധായകൻ ഫെഡറികോ ഫെല്ലിനി പിന്നീട് പറഞ്ഞിട്ടുണ്ട്. ക്യാമറ ലെൻസിന്റെ ഷട്ടറിനെ സൂചിപ്പിക്കാനും ഈ വാക്ക് ഇറ്റലിയിൽ ചിലയിടങ്ങളിൽ ഉപയോഗത്തിലുണ്ടെന്നും പറയപ്പെടുന്നു.എന്തായാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി ഫോട്ടോയെടുക്കുന്നവരെ സൂചിപ്പിക്കാനുള്ള വാക്കായി പാപ്പരാസി ഇംഗ്ലീഷിൽ ഉപയോഗിക്കുന്നു. ഇപ്രകാരം ഫോട്ടോയെടുക്കലിന് ഇരയാക്കപ്പെടുന്നവരെ ‘papped’ എന്നും പറയുന്നു.
അന്തോളജി :പരസ്പരബന്ധമുള്ളതോ , ഇല്ലാത്തതോ ആയ ഒന്നിലധികം ചെറുസിനിമകൾ ചേർത്ത് സിനിമയുടെ രൂപത്തിൽ പുറത്തിറക്കുന്നവയെയാണ് ‘അന്തോളജി’ സിനിമ അഥവാ സിനിമാസമാഹാരം എന്ന് പറയുന്നത്. 1939 ൽ റിലീസായ ‘സിരിക്കാതെ’ എന്ന തമിഴ് ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാസമാഹാരം. മലയാളത്തിലും നിരവധി അന്തോളജി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഉദാ:ചിത്രമേള ,നാല് പെണ്ണുങ്ങൾ ,ഒരു പെണ്ണും രണ്ടാണും , കേരള കഫേ ,പോപ്പിൻസ് ,5 സുന്ദരികൾ ,കഥവീട് ,ഡി കമ്പനി , കൊന്തയും പൂണൂലും ,സോളോ ,ക്രോസ്സ് റോഡ് , ആണും പെണ്ണും തുടങ്ങിയവ ഒക്കെ മലയാള സിനിമയിൽ ഇറങ്ങിയ അന്തോളജി സിനിമകൾക്ക് ഉദാഹരണങ്ങളാണ്.
അന്തം കമ്മി : “അന്തം കമ്മി” എന്ന വാക്ക് കാസർഗോഡ്/മലബാർ ജില്ലകളിൽ ഉള്ളവർ സോഷ്യൽ മീഡിയ വരുന്നതിന് മുൻപേ ഉപയോഗിച്ചിരുന്ന വാക്കാണ്. അന്തം (സാമാന്യബോധം) കമ്മി (കുറവ്) ആയവർ അഥവാ വിവരം കെട്ടവർ എന്നർത്ഥം. അതായത് പൊതുവെ വിവരം കെട്ട/ അപക്വമായി പെരുമാറുന്ന ആരെയും അന്തം കമ്മി എന്ന് വിളിച്ചിരുന്നു.കമ്മി (Commie) എന്ന കമ്മ്യൂണിസ്റ്റിന്റെ ചുരുക്കപ്പേരിനോടുള്ള സാദൃശ്യം കൊണ്ട് അന്ധമായി പാർട്ടിയെ പുകഴ്ത്തുന്ന സഖാക്കളെ സോഷ്യൽ മീഡിയയിൽ അന്തം കമ്മി എന്ന് പിന്നീട് വിളിച്ചു തുടങ്ങി.