WTC 2023-25: ഇന്ത്യ ഫൈനലുറപ്പിച്ചു?, ശക്തന്മാര്‍ പിന്നാലെ, പോയിന്‍റ് ചിത്രം മാറിമറിയുന്നു

WTC 2023-25: ഇന്ത്യ ഫൈനലുറപ്പിച്ചു?, ശക്തന്മാര്‍ പിന്നാലെ, പോയിന്‍റ് ചിത്രം മാറിമറിയുന്നു

ബംഗ്ലാദേശിനെതിരായ അവിശ്വസനീയമായ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം അവര്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ വിജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ഒന്നില്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

71.67 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. ഇത് പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ള ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും അപേക്ഷിച്ച് വളരെ മികച്ചതാണ്.

അതേസമയം, കനത്ത തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും മുന്നില്‍ അവര്‍ നാലാമതായിരുന്നു. പക്ഷേ ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ തോല്‍വി അവര്‍ക്ക് ചില പ്രധാന പോയിന്റുകള്‍ നഷ്ടപ്പെടുത്തി. ഷാന്റോ നയിക്കുന്ന ടീമിന് ഇപ്പോള്‍ പോയിന്റ് ശതമാനം 39.29 മാത്രമാണ്.

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം 234 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.

158ന് നാലെന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ഷക്കീബ് അല്‍ ഹസനും പിടിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമം നടത്തിയെങ്കിലും അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 89 പന്തില്‍ 61 റണ്‍സാണ് നജ്മുല്‍ ഹുസൈന്‍ നേടിയത്. 56 പന്തില്‍ 25 റണ്‍സോടെ ഷാക്കിബ് പുറത്തായി. അധികം താമസിപ്പിക്കാതെ ബാക്കി വിക്കറ്റുകളും വേഗം വീണു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അശ്വിന്റെ സെഞ്ച്വറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ 376 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ച്വറികളാണ് രണ്ടാം ഇന്നിംഗസില്‍ ഇന്ത്യക്ക് കരുത്തായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *