‘നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാൽ മതി’; പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടുവെന്ന് വെളിപ്പെടുത്തി അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. എം. ടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ് സിനിമയാണ് നീലത്താമര. 1979 കാലഘട്ടത്തിൽ റിലീസ് ചെയ്‌ത മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്‌കരണമായിരുന്നു 2009ൽ റിലീസ് ചെയ്‌ത ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് അർച്ചന കവി. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

നീലത്താമരയിൽ പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തിൽ അർച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാൻ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അർച്ചന പറയുന്നു. സത്യം പറഞ്ഞാൽ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാൻ ആ അറിവില്ലായ്‌മ എന്നെ സഹായിച്ചു. സ്കൂളിൽ നിന്ന് ഒരു നാടകം ചെയ്യാൻ പോകും പോലെയാണ് ഞാൻ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നതെന്നും അർച്ചന കവി പറയുന്നു.

എം.ടി സാർ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നിൽ കാണിക്കില്ല. ഞാൻ സാറിനോട് മലയാളത്തിൽ സംസാരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാൻ ഡൽഹിയിൽ നിന്നാണെന്നും മലയാളത്തെക്കാൾ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയിൽ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാൻ പുതുമുഖം ആയതിനാൽ സെറ്റിൽ ചെറിയ രീതിയിൽ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ…, നിലത്തിരുന്നാൽ മതി എന്നെല്ലാം ഒരാൾ വന്ന് പറഞ്ഞുവെന്നാണ് അച്ഛനെ കവി പങ്കുവെക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *