പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം

പിഴയടക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല; ഖത്തറിലെ ട്രാഫിക് പിഴ ഇളവ് ഓഗസ്റ്റ് 31 വരെ മാത്രം

ദോഹ: 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത ലംഘനത്തിന് പിഴ അടക്കാനുള്ള വ്യക്തികള്‍ക്ക് എല്ലാ പിഴയും കുടിശ്ശികയും അടയ്ക്കുന്നതുവരെ ഖത്തറിന് പുറത്തേക്ക് ഒരു അതിര്‍ത്തിയിലൂടെയും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ എന്നീ സംസ്ഥാന അതിര്‍ത്തികളിലൂടെ രാജ്യം വിടാന്‍ കഴിയില്ല.

അതേസമയം, ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഖത്തര്‍ പ്രഖ്യാപിച്ച പിഴ ഇളവ് ഈ മാസം 31ഓടെ അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 50 ശതമാനം ഇളവോടെ ട്രാഫിക് പിഴ അടക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ച് ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച ഇളവ് മൂന്നു മാസത്തേക്കായിരുന്നു പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘന കേസുകളിലെ പിഴ ഇളവ് ഉപയോഗിക്കാന്‍ അവസാന അവസരമാണിതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. നിലവിലെ അവസരം ഉപയോഗപ്പെടുത്തി ആകെ പിഴയുടെ പകുതി തുക മാത്രം അടച്ച്, നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. ഈ മാസം 31 കഴിഞ്ഞാല്‍ പിഴത്തുക മുഴുവനായും അടയ്‌ക്കേണ്ടിവരുമെന്ന് മാത്രമല്ല, അതിനു ശേഷം പിഴ അടക്കാതെ രാജ്യത്തു നിന്ന് പുറത്തു പോവാനുമാവില്ല.

ഇതിനകം തന്നെ വാഹന ഉടമകളില്‍ വലിയൊരു വിഭാഗവും ഈ ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സ്വദേശികള്‍, ജിസിസി പൗരന്‍മാര്‍, മറ്റു പ്രവാസികള്‍, സന്ദര്‍ശകര്‍ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

അതിനിടെ, ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വീണ്ടും പിഴ വരുന്നത് ഒഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. റോഡുകളിലെ അപകടങ്ങളും തിരക്കും കുറയ്ക്കുന്നതിന് ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജന അവബോധം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വാഹനമോടിക്കുമ്പോള്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ട്രാഫിക് നിയമത്തിന്‍റെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 54 അനുശാസിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് വലിയ തോതില്‍ സഹായകമാവും. ഗുരുതരമായ ട്രാഫിക് അപകടങ്ങളില്‍ പകുതിയിലേറെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമാണ് സംഭവിക്കുന്നതെന്ന് ഇതിനകം വ്യക്തമായതാണ്.

റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പുതുതായി സ്ഥാപിച്ച റഡാറുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗവും അമിതവേഗതയും കണ്ടെത്താന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും 500 റിയാലാണ് പിഴ. എന്നാല്‍ ഇത് ഇളവിന് അര്‍ഹമല്ലെന്നും അധികൃതര്‍ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *