ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സിബിഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.

ജസ്‌നയെ കണ്ട സംഭവം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.

സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ ആയിരുന്നു സിബിഐ ഇവരുടെ മൊഴിയെടുത്തത്. ജസ്നയുമായി സാമ്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്ക്കൊപ്പം അജ്ഞാതനായ ഒരു യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേര്‍ത്തു.

ഇവര്‍ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്. പത്രത്തിലെ ചിത്രം കണ്ടാണ് ജസ്നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു.

രാവിലെ 11.30ഓടെയായിരുന്നു ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാന്‍ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി.

പത്രത്തില്‍ ജസ്നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറയുന്നു. എന്നാല്‍ ജസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തന്റെ സ്വകാര്യ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *