തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ സമഗ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്.ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തി.