
ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്ന ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ ടി വി ചാനലുകളുടെയെല്ലാം സംപ്രേഷണം നിരോധിക്കണമെന്നാണ് ബംഗ്ലാദേശ് ഹൈക്കോടതിയോട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സംസ്‌കാരത്തിനെതിരായതും യുവജനങ്ങളെ വഴിതെറ്റിക്കുന്നതുമായ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചാണ് അഭിഭാഷകനായ എക്ലാസ് ഉദ്ദിന്‍ ഭുയ്യന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ബംഗ്ലാദേശ്- ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്ത സന്യാസി ചിന്മയ് കൃഷ്ണ ദാസിന്റെ ജാമ്യഹര്‍ജി വാദംകേള്‍ക്കാന്‍ ജനുവരി രണ്ടിലേക്ക് മാറ്റി.
കൃഷ്ണ ദാസിനുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്തതിനാലാണിത്. അഭിഭാഷകസംഘത്തിന്റെ ഭീഷണി ഭയന്നാണ് കൃഷ്ണ ദാസിനുവേണ്ടി ആരും ഹാജരാകാത്തതെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ പറഞ്ഞു.
അതേസമയം, ശൈഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസ് നയിക്കുന്ന സര്‍ക്കാറിനെ അധികാരമേറ്റിയ ജൂലൈ- ആഗസ്റ്റ് ഭരണ അട്ടിമറിയെ ഇന്ത്യ നിരുപാധികം അംഗീകരിക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സമീപകാല സംഭവങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടെയാണ് ഇടക്കാല സര്‍ക്കാറിലെ മന്ത്രി മഹ്ഫൂസ് ആലമിന്റെ പ്രതികരണം.
ഭരണ അട്ടിമറിയെ തീവ്രവാദപരവും ഹിന്ദു വിരുദ്ധവും ഇസ്‌ലാമിസ്റ്റുമായാണ് ഇന്ത്യന്‍ അധികൃതര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്നും അതിനുപകരം പുതിയ ബംഗ്ലാദേശ് യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാന്‍ മുന്നോട്ടുവരണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.