ഇന്ത്യൻ ടീമിൻ്റെ ബാറ്റർമാരെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ കളിക്കാർ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് നല്ല ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം പരാമർശിച്ചു. “നിതീഷ് കുമാർ റെഡ്ഡിയുടെ സിക്‌സറുകൾ കാണാൻ നല്ല ഭംഗിയുള്ള കാഴ്ചയാണ്. റിങ്കു സിംഗ് ശരിക്കുമൊരു മൈക്കിൾ ബെവൻ മോഡൽ താരമാണ്. ഗൗതം ഗംഭീർ ഒരു പ്രധാന പരിശീലകനെന്ന നിലയിൽ എല്ലാം നന്നായി ചെയ്യുന്നു. യുവതാരങ്ങൾ പരാജയപ്പെട്ടാലും ഗൗതം അവരെ പിന്തുണയ്ക്കും” അദ്ദേഹം പറഞ്ഞു.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐ ഒക്‌ടോബർ 12 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമം നൽകിയിട്ടും ഇന്ത്യ വിജയം നേടിയെന്ന് ബാസിത് ചൂണ്ടിക്കാട്ടി. “പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയുടെ രീതികൾ പിന്തുടരണം, പക്ഷേ നിർഭാഗ്യവശാൽ അത് കാണുന്നില്ല. ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്, എന്നാൽ പാകിസ്ഥാൻ താരങ്ങൾക്ക് വിശ്രമമില്ല. ദയവായി ഇന്ത്യയിൽ നിന്ന് എന്തെങ്കിലും പഠിക്കുക.”
നിതീഷ് 34 പന്തിൽ 74 റൺസും റിങ്കു 29 പന്തിൽ 53 റൺസും നേടിയതോടെ ഇന്ത്യ 20 ഓവറിൽ 221/9 സ്കോർ ചെയ്തു. നിതീഷ് ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളും നേടി. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും റിങ്കു പറത്തി.മത്സരത്തിലേക്ക് വന്നാൽ ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.