
വരാനിരിക്കുന്ന രഞ്ജി ട്രോഫി സീസണിലേക്കുള്ള ഉത്തർപ്രദേശിൻ്റെ ടീമിൽ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയിട്ടില്ല. ബംഗാളിനെതിരെയാണ് ഈ വർഷത്തെ ഉത്തർപ്രദേശിൻ്റെ ആദ്യ പോരാട്ടം. ആറ് വർഷത്തിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് ഭുവി ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചുവന്നത്.
ദേശീയ ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവ് സ്വപ്നത്തിൽ പോലും ഇല്ലാത്ത താരത്തിന്റെ ആഭ്യന്തര സർക്യൂട്ടിലെ റെഡ്-ബോൾ ഫോർമാറ്റിൽ അദ്ദേഹത്തിൻ്റെ ഭാവി എന്തായിരിക്കുമെന്ന് കണ്ടറിയണം. ഭുവിയെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള തൻ്റെ കന്നി കോൾ-അപ്പ് ലഭിച്ച യാഷ് ദയാലിനെ പ്രാരംഭ റൗണ്ട് മത്സരങ്ങൾക്കായി പ്രഖ്യാപിച്ച ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭുവനേശ്വർ കുമാർ ഇതുവരെ കളിച്ച 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 231 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 8/41 എന്ന മികച്ച സ്പെല്ലിൽ ആഭ്യന്തര സർക്യൂട്ടിൽ 13 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 14 സെഞ്ചുറികളും സഹിതം 2445 റൺസ് നേടിയ അദ്ദേഹം ബാറ്റിംഗിലും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
ടെസ്റ്റിൻ്റെ കാര്യം വരുമ്പോൾ, 2018ലാണ് ഭുവനേശ്വർ കുമാർ അവസാനമായി ഇന്ത്യക്കായി കളിച്ചത്, അതിനുശേഷം സെലക്ടർമാരുടെ പ്രീതിയിൽ നിന്ന് പുറത്തായിരുന്നു. 2013 മുതൽ 2018 വരെ അഞ്ച് വർഷം തുടർച്ചയായി ടീമിനായി കളിച്ചതിന് ശേഷം, കുമാറിൻ്റെ മോശം ഫോമും മറ്റ് പ്രതിഭാധനരായ ബൗളർമാരുടെ കടന്നുവരവും ടീമിൽ നിന്ന് പുറത്തേക്ക് നയിച്ച്. താരത്തിന്റെ അവസാന ടി20, ഏകദിന മത്സരങ്ങൾ രണ്ടും 2022-ലായിരുന്നു. റെഡ്-ബോൾ സ്ക്വാഡിൽ നിന്ന് പുറത്തായതോടെ, രാജ്യത്തുടനീളമുള്ള വൈറ്റ്-ബോൾ ഫോർമാറ്റുകളിലേക്കും വ്യത്യസ്ത ലീഗുകളിലേക്കും ഭുവനേശ്വർ ഇനി വരുമോ എന്നുള്ളത് കണ്ടറിയണം.