കീറ്റോ മുതൽ ക്രിയാറ്റിൻ വരെ, ഉയരം മുതൽ സമയം വരെ- നമ്മുടെ നാടോടിക്കഥകളിലുള്ളതിനേക്കാൾ മിത്തുകൾ കൊണ്ട് ചുറ്റപ്പെട്ടതാണ് ഫിറ്റ്നെസ് /ബോഡി ബിൽഡിംഗ് രംഗം. ഇന്നതിൻ്റെ നെല്ലും പതിരുമൊന്ന് തിരയാം
1. ‘ഒരുപാട് വെയ്റ്റെടുത്താൽ ഉയരം വെയ്ക്കില്ല’
ഇത് വിശ്വസിക്കുന്നതിന് മുമ്പ് ചുമ്മാതൊന്ന് അർണോൾഡ് ഷ്വാർസനെഗറുടെ ഉയരം ഗൂഗിൾ ചെയ്തു നോക്കുക. 6 അടി 2 ഇഞ്ചാണ് പുള്ളിയുടെ ഉയരം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത മിത്താണ് ഇതെന്ന് മാത്രമല്ല ചെറുപ്പത്തിൽ നമ്മുടെ അസ്ഥികളുടെ നീളവും, ആകൃതിയും നിശ്ചയിക്കുന്ന ഗ്രോത്ത് പ്ലേറ്റുകളുടെ വളർച്ചയ്ക്കും സ്ട്രെങ്ത്ത് ട്രെയിനിങ് നല്ലതാണ്. എന്നാൽ വളർച്ച നിന്നതിന് ശേഷം ഉയരം കൂട്ടാൻ ഡംബല്ലെടുത്ത് പൊക്കിയിട്ട് യാതൊരു കാര്യവുമില്ലാന്ന് മാത്രം!
2. ”ഒരിക്കൽ ബോഡി ബിൽഡിംഗ് ചെയ്ത് നിർത്തിയാൽ ഉണ്ടാക്കിയെടുത്ത മസിലൊക്കെ ഫാറ്റായി മാറും!”
ഉണ്ട !(ഗോഡ്ഫാദറിൽ മായിൻകുട്ടി രാമഭദ്രനോട് പറയുന്ന ടോണിൽ വായിക്കണം) മസിലുകൾ നിർമ്മിച്ചിരിക്കുന്നത് പ്രോട്ടീൻ കൊണ്ടും, ഫാറ്റിലുള്ളത് ലിപിഡുകളുമാണ്. ഉപ്പ് ഉപയോഗിക്കാതെ വെച്ചാൽ പഞ്ചസാരയാവാത്തത് പോലെത്തന്നെ പ്രോട്ടീനും ലിപിഡായി മാറില്ല.
3. ”കരിക്കിൻവെള്ളം നല്ലൊരു എനർജി ഡ്രിങ്ക് ആണ്”
അല്ല. ഡീഹൈഡ്രേഷന് നല്ലൊരു മരുന്നാണ് കരിക്കിൻവെള്ളം എന്നതിൽക്കവിഞ്ഞ് എനർജി ഡ്രിങ്കുകളിലുള്ള അത്രയും വർക്ഔട്ട് ചെയ്യുന്ന ഒരാൾക്ക് വേണ്ടത്രയും 1പൊട്ടാസ്യം കരിക്കിലില്ല.
4. ”അതിരാവിലെ എഴുന്നേറ്റ് എക്സർസൈസ് ചെയ്യണം”
എന്തിന്? രണ്ട് കാര്യങ്ങളാണ്:
a) രാവിലെയോ വൈകിട്ടോ എക്സർസൈസ് ചെയ്യുന്നത് എന്നല്ല, സ്ഥിരതയാണ് പ്രധാനം.
b) എപ്പോൾ വർക്ഔട്ട് ചെയ്യണമെന്നത് ഓരോരുത്തരുടെയും ഗോൾ , ലൈഫ് സ്റ്റൈൽ എന്നതിനെ അനുസരിച്ചിരിക്കും. എട്ടു മണിക്കൂറിൻ്റെ റെസ്റ്റ് കഴിഞ്ഞ് വരുന്നതായത് കൊണ്ട് മോണിംഗ് സെഷനുകളിൽ നിങ്ങൾ കൂടുതൽ എനർജറ്റിക് ആയിരിക്കും. അതേസമയം ഈവ്നിംഗ് സെഷൻ നിങ്ങളെ റിലാക്സ്ഡ് ആവാനും, നല്ല ഉറക്കം കിട്ടാനും സഹായിക്കും. അവരവർക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക, സ്ഥിരോത്സാഹി ആയിരിക്കുക എന്നതേയുള്ളൂ.
”ഒരു മണിക്കൂറെങ്കിലും മിനിമം വർക്കൗട്ട് ചെയ്യണം. അതിൽക്കുറവ് ചെയ്തിട്ടൊരു കാര്യോമില്ല!”
വർക്കൗട്ട് ചെയ്യാനുള്ള നിങ്ങളുടെ കാര്യക്ഷമതയും, സ്ഥിരതയും മുഖ്യം . ഡെയിലി 20 മിനിറ്റ് മുടങ്ങാതെ വർക്ഔട്ട് ചെയ്താലും കാലക്രമേണ നിങ്ങളുടെ ഫിറ്റ്നസ് ലെവൽ വർദ്ധിക്കും. 1976ലെ മിസ്റ്റർ അമേരിക്ക ടൈറ്റിലും, 1978 ലെ IFBB മിസ്റ്റർ യൂണിവേഴ്സിന്റെ ഹെവി വെയിറ്റ് വിഭാഗം. ചാമ്പ്യനും, 1979ലെ മിസ്റ്റർ ഒളിമ്പ്യ റണ്ണറപ്പുമായിരുന്ന മൈക്ക് മെൻ്റ്സറുടെ വർക്കൗട്ട് റുട്ടീൻ അര മണിക്കൂർ വീതം നാല് ദിവസമായിരുന്നു. പക്ഷേ ഹെവി വെയിറ്റ് , സ്‌ട്രിക്‌റ്റ് ഫോം എന്നീ രണ്ട് റൂൾസ് കർശനമായി പാലിച്ചുകൊണ്ടുള്ള ഹെവി ഡ്യൂട്ടി റുട്ടീൻ ആയിരുന്നു. അത്. (മൈക്ക് മെൻ്റ്സറുടെ എക്സർസൈസ് പ്ലാൻ പിന്തുടരണമെന്നല്ല, ഒരു ഉദാഹരണമായി അദ്ദേഹത്തിൻ്റെ പേര് പറഞ്ഞെന്നേയുള്ളൂ) വർക്കൗട്ട് മിത്തുകളെപ്പറ്റി പറയാൻ തുടങ്ങിയാൽ ഒരു ദിവസം പോരാതെ വരും.