‘അങ്ങനെ ആ വിഷമം ഇതോടെ മാറിക്കിട്ടി’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ദേവിക നമ്പ്യാരും വിജയ് മാധവും

‘അങ്ങനെ ആ വിഷമം ഇതോടെ മാറിക്കിട്ടി’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ദേവിക നമ്പ്യാരും വിജയ് മാധവും

വിവാഹം കഴിഞ്ഞതോടുകൂടിയാണ് ഗായകൻ വിജയ് മാധവും സീരിയൽ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലിൽ സജീവമാകുന്നത്. 2022 ജനുവരിയിലാണ് ദേവികയും വിജയ് മാധവും വിവാഹിതരായത്. മകൻ ആത്മജയ്‌ക്കൊപ്പം സന്തുഷ്‌ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങൾ. മകൻ ആത്മജയ്ക്ക് കൂട്ടായി രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് താരങ്ങൾ.

റിയാലിറ്റി ഷോകളും സംഗീതവുമാണ് വിജയ് മാധവിനെ പ്രശസ്‌തനാക്കിയത്. സീരിയലുകൾ വഴിയാണ് ദേവിക നമ്പ്യാർ മലയാളികൾക്ക് സുപരിചിതയായത്. തങ്ങളുടെ വിശേഷങ്ങളും പാട്ടിൻ്റെ കവർ സോങുകളും മകൻ ആത്മജയുടെ വിശേഷങ്ങളുമെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് ദേവിക നമ്പ്യാരും വിജയ് മാധവും.

ഇത്തവണത്തെ വിവാഹ വാർഷികം കോവളത്താണ് ഇരുവരും ആഘോഷിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും പ്രേക്ഷകരോട് വിശേഷങ്ങൾ പങ്കുവെച്ചത്. നേരത്തെയും അങ്ങോട്ട് പോവാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതുവരെ നടന്നില്ല. ഇത്തവണ എന്തായാലും പോയിട്ടേ ഉള്ളൂ എന്ന തീരുമാനത്തിലായിരുന്നു എന്നും ഇരുവരും വ്ലോഗിൽ പറഞ്ഞു.

”കോവളം ലീലയില്‍ പോവണമെന്ന് നേരത്തെയും പ്ലാന്‍ ചെയ്തിരുന്നു. എന്ത് ഫംഗ്ക്ഷന്‍ വന്നാലും പറയും നമുക്ക് പോവാമെന്ന്. ആത്മജയെ ഇതുവരെ ബീച്ചില്‍ കൊണ്ടുപോയിട്ടില്ല. ‌ആ വിഷമം കൂടിയാണ് ഇതോടെ മാറുന്നത്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിന് ബീച്ചില്‍ പോയി എന്നല്ലാതെ ആള്‍ ഇതുവരെ കടല്‍ കണ്ടിട്ടില്ല. അച്ഛന്‍ ബീച്ച് ബോയ് ആണ്, മകന്‍ എങ്ങനെയായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. ഞാന്‍ മൗണ്ടെയ്ന്‍ പേഴ്‌സണാണ്. മാഷ് ബീച്ചിന്റെ ആളും.”, ദേവിക പറഞ്ഞു.

”ഇതുവരെ വിവാഹ വാര്‍ഷികം ആഘോഷിച്ചില്ലെന്ന വിഷമം ഇതോടെ മാറിക്കിട്ടി. ഇത്തവണ എനിക്ക് ദേവിക ഡയമണ്ട് റിംഗ് വാങ്ങിച്ച് തന്നു. ഡയമണ്ട് എന്നൊക്കെ പറയുമ്പോള്‍ റിച്ചാണല്ലോ, അത് അങ്ങനെയൊരു ആമ്പിയൻസിൽ തന്നെ സ്വീകരിക്കാമെന്ന് കരുതി”, എന്നും വിജയ് വ്ളോഗിൽ പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നുണ്ടെന്ന് ദേവിക പറഞ്ഞപ്പോള്‍ താങ്കളെ സന്തോഷിപ്പിക്കാനാണല്ലോ ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു വിജയ് മാധവിന്റെ മറുപടി. വിജയ്‌യുടെ സഹോദരിയും മകനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *