രാജ്യത്തെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാറിലും ചാലക്കുടിപ്പുഴയിലും; പിന്നിൽ ഇക്വിനോക്റ്റ് ടെക്സ്റ്റാർട്ട്അപ്പ്

രാജ്യത്തെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാറിലും ചാലക്കുടിപ്പുഴയിലും; പിന്നിൽ ഇക്വിനോക്റ്റ് ടെക്സ്റ്റാർട്ട്അപ്പ്

ഇന്ത്യയിലെ ആദ്യത്തെ വികേന്ദ്രീകൃത ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനം പെരിയാർ- ചാലക്കുടിപ്പുഴ നദീതടങ്ങളിൽ നിലവിൽ വന്നു. ആവർത്തിച്ചുവരുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെയും അവ മനുഷ്യ ജീവനും സ്വത്തിനും ഉയർത്തുന്ന ഭീഷണികളുടെയും പശ്ചാത്തലത്തിൽ കാലാവസ്ഥാ അതിജീവനം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഇക്വിനോക്റ്റ് എന്ന ടെക്സ്റ്റാർട്ട്അപ്പ് മുൻകൈ എടുത്തുകൊണ്ട് പുത്തൻവേലിക്കരയിലെ പ്രാദേശിക കമ്മ്യൂണിറ്റി റിസോഴ്സസ് കേന്ദ്രത്തിന്റെയും എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മഴയെയും വെള്ളത്തെയും പ്രളയത്തെയും സംബന്ധിച്ച കണക്കുകൾ ദിനംതോറും ശേഖരിച്ച് രേഖപ്പെടുത്തുകയും അവയുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യാൻ ഈ പദ്ധതിക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങൾ തയ്യാറാക്കുന്നതിൽ ആഗോള തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴിലൊന്നും ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു സ്റ്റാർട്ടപ്പുമാണ് കൊച്ചി ആസ്ഥാനമായുള്ള ഇക്വിനോക്റ്റ്ക.

തീർത്തും ജനകീയവും ജനപങ്കാളിത്തത്തോടെയുള്ളതുമായ ഒരു ജനകീയമായ ആഘാത അധിഷ്ഠിത വെള്ളപ്പൊക്ക നിരീക്ഷണ- മുന്നറിയിപ്പ് സംവിധാനമാണ് (Community sourced Impact based Flood forecast and Early Warning System) വികസിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ചിൽഡ്രൻസ് ഫണ്ടിന്റെ (UNICEF) ഓഫീസ് ഓഫ് ഇന്നോവേഷൻ ക്ലൈമറ്റ് ടെക് കോഹോർട്ട് വെൻച്വർ ഫണ്ട് പ്രൊജക്ടിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പെരിയാർ, ചാലക്കുടി നദീതടങ്ങളിൽ സന്നദ്ധ സംഘടനകളും കർഷകരും വിദ്യാർത്ഥികളും ചേർന്ന് 100 മഴ മാപിനികൾ ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ സ്ഥാപിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം മാറിക്കൊണ്ടിരിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്താൻ ഉതകുന്ന ഒരു നൂതന മഴമാപിനിയും, എടുക്കുന്ന അളവുകൾ ശേഖരിക്കാൻ ‘ഗാതർ’ എന്ന മൊബൈൽ ആപ്ലിക്കേഷനും ഇതിന്റെ ഭാഗമായി വികസിപ്പെച്ചെടുത്തു. ചാലക്കുടി പുഴയുടെയും പെരിയാറിന്റെയും വൃഷ്ടി പ്രദേശങ്ങളുടെ വൈവിധ്യമാർന്ന സ്വഭാവം അനുസരിച്ച് ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടു കൂടി കൂട്ടിയിണക്കപ്പെടുന്ന കർഷകരും വിദ്യാർത്ഥികളും വീട്ടമ്മമാരും ഉൾപ്പെടുന്ന മഴമാപന ശൃംഖലയിൽ ഏഴും ഒമ്പതും വയസ്സുള്ള ഇവാനയും എൽനയും മുതൽ 81 വയസ്സുള്ള പ്രൊഫ. വിമലദേവി ടീച്ചർ വരെ അംഗങ്ങളായി ഉണ്ട്.

മഴയുടെ അളവ് കൃത്യതയോടെയും കാര്യക്ഷമതയോടെയും രേഖപ്പെടുത്താൻ EQUINOCT പ്രത്യേകമായി രൂപ കൽപന ചെയ്ത മഴമാപിനിയിൽ നിന്നും ഗാതർ ആപ്പ് വഴി ലഭ്യമാകുന്ന വിവരങ്ങൾ weather.equinoct.com എന്ന വെബ്പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു. ഇവയോടൊപ്പം ഭൂഗർഭ ജലനിരപ്പും അന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന സർക്കാരിന്റെ മഴമാപന അളവുകളും, പുഴയിലെ ജലനിരപ്പും, അണക്കെട്ടുകളിലെ ജലനിരപ്പും സംയോജിപ്പിച്ചുള്ള വെള്ളപ്പൊക്ക നിരീക്ഷണത്തിനും പ്രളയ സാധ്യത മനസ്സിലാക്കു ന്നതിനും, ബന്ധപ്പെട്ട ഏജൻസികൾക്ക് തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാകുന്നതിനും INSIGHT GATHER എന്ന ക്ലൈമറ്റ് ഡാഷ്‌ബോർഡും സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലാ കളക്ടറേറ്റിൽ ശനിയാഴ്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പദ്ധതിയിൽ പങ്കാളികളായ എല്ലാവരും ഒരുമിച്ചു കൂടിയ യോഗത്തിൽ വച്ച് ജനകീയ പ്രളയ നിരീക്ഷണ മുന്നറിയിപ്പു സംവിധാനത്തിന്റെയും ഡാഷ്ബോര്ഡിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവും പറവൂർ എംഎൽഎയുമായ വിഡി സതീശൻ നിർവഹിച്ചു. എറണാകുളം ജില്ലാ കളക്ടറും
ജില്ലാ ദുരന്ത നിവാരണഅതോറിറ്റി ചെയർമാനും ആയ എൻഎസ്കെ ഉമേഷ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ദുരന്ത നിവാരണഅതോറിറ്റി കോ -ചെയർമാനും ആയ മനോജ് മൂത്തേടൻ ഗാതർ ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, അനിൽ കുമാർ, ഷാരോൺ പനക്കൽ, വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, MSSRF വയനാട് ഡയറക്ടർ ഡോ വി ഷക്കീല എന്നിവരും സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *