
ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിരിക്കെയാണ് ഹമാദി വെടിയേറ്റ് മരിച്ചത്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്ത് വെച്ച് ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ലെബനീസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
153 യാത്രക്കാരും ജീവനക്കാരുമായി ഏഥന്‍സില്‍ നിന്ന് റോമിലേക്ക് പോകുകയായിരുന്ന പശ്ചിമ ജര്‍മനിയുടെ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഹമാദി. 1985 ല്‍ നടന്ന വിമാന റാഞ്ചലില്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.
ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 26 വരെ തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ഹിസ്ബുള്ള ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിന്‍വാങ്ങണമെന്നുമായിരുന്നു ഇസ്രായേല്‍ ഹിസ്ബുള്ള കരാര്‍. 60 ദിവസത്തെ കരാര്‍ അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വെടിവെയ്പ്പ് നടന്നിരിക്കുന്നത്.