
ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു.
മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു.
സൃഷ്ടിയെക്കുറിച്ച് മൈക്കള്‍ ആഞ്ചലോ സിസ്‌റ്റൈന്‍ ചാപ്പലില്‍ വരച്ച ചിത്രത്തില്‍ പിതാവായ ദൈവം വിരല്‍ കൊണ്ട് മനുഷ്യനെ തൊടുന്ന നിമിഷം പോല മനുഷ്യനും ദൈവവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നിമിഷമാണത്. 2025 ജൂബിലി വര്‍ഷത്തിനായി തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ അമലോത്ഭവ മാതാവില്‍ നിന്ന് ജനിച്ച കര്‍ത്താവായ യേശുവിനായി ഹൃദയങ്ങളും മനുസുകളും തുറക്കാന്‍ പാപ്പ ഏവരെയും ക്ഷണിച്ചു. അതിന് കുമ്പസാരമെന്ന കൂദാശ ഏറെ സഹായകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.