![](https://tv21online.com/wp-content/uploads/2025/01/ik-1200x630.jpg-1024x538.webp)
അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിയും കുറ്റക്കാരാണെന്ന് പാക്കിസ്ഥാന്‍ കോടതി. ഇമ്രാന്‍ ഖാനെ അഴിമതി കേസില്‍ 14 വര്‍ഷം തടവിന് വിധിച്ച കോടതി ഭാര്യ ബുഷ്‌റ ബീബിക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. 190 മില്യണ്‍ പൗണ്ടിന്റെ അഴിമതിയാണ് അല്‍ ഖാദിര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി നടത്തിയതെന്നാണ് കോടതി കണ്ടെത്തിയത്.
2023 ഓഗസ്റ്റ് മുതല്‍ 200 ഓളം കേസുകളില്‍ മുന്‍ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ ജയില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അഴിമതി വിരുദ്ധ കോടതി ജഡ്ജ് നസീര്‍ ജാവേദ് റാണയാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെതിരെ ശിക്ഷവിധിച്ചത്. ഏറ്റവും പുതിയ ശിക്ഷാവിധി അദ്ദേഹത്തെ നിശബ്ദനാക്കാന്‍ സമ്മര്‍ദം ചെലുത്താനുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് ആരോപിച്ചു.
200ഓളം കേസുകള്‍ ചുമത്തപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയിലാണ്. എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുകയോ ആശ്വാസം തേടുകയോ ചെയ്യില്ലെന്ന് അഴിമതി കേസിലെ ശിക്ഷാ വിധിക്ക് ശേഷം കോടതിക്കുള്ളില്‍ തന്നെ ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അധികാരത്തിലേക്ക് തിരികെ എത്താതിരിക്കാനുള്ള നീക്കമാണെന്നുമാണ് ഇമ്രാനും പാര്‍ട്ടിയും നിരന്തരം ആരോപിക്കുന്നത്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമുള്ള ഇമ്രാന്‍ ഖാനെ തടവിലാക്കിയ ജയിലില്‍ അഴിമതി വിരുദ്ധ കോടതി വിളിച്ചുകൂട്ടി അല്‍-ഖാദിര്‍ ട്രസ്റ്റ് കേസില്‍ വിധിപ്രസ്താവിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാനും ബുഷ്റയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ 1554 രൂപയുടെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാകിസ്താനിലേക്ക് തിരിച്ചയച്ച 1554 കോടി രൂപ അതായത് 50 ബില്യണ്‍ പാകിസ്താനി റുപ്പീ ദുരുപയോഗം ചെയ്തു എന്നതാണ് കേസ്. ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നപ്പോള്‍ വ്യവസായിയുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നും പകരമായി റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്ന് ഭൂമി സമ്മാനമായി സ്വീകരിച്ചെന്നുമാണ് ആരോപണം.