ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ന്യുസിലാൻഡിന്റെ പൂർണ അധിപത്യത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. കിവി ബോളർമാരുടെ മുൻപിൽ അടിയറവ് പറഞ്ഞ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 156 റൺസിന് ഓൾ ഔട്ട് ആയിരിക്കുകയാണ്. ഇതോടെ ന്യുസിലാൻഡ് 103 റൺസിന് മുന്നിലാണ്. ന്യുസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 7 വിക്കറ്റുകൾ നേടി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യയുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത് അദ്ദേഹമായിരുന്നു.
ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ 9 പന്തിൽ പൂജ്യനായി മടങ്ങിയിരുന്നു. രണ്ടാം ദിനത്തിൽ യശസ്‌വി ജയ്‌സ്വാൾ, ശുബ്മാന്‍ ഗിൽ സഖ്യം 49 റൺസിന്റെ പാർട്ട്ണർഷിപ് നേടിയെങ്കിലും ഫലം ഉണ്ടായില്ല. യശസ്‌വി ജയ്‌സ്വാൾ 60 പന്തിൽ 30 റൺസ് നേടി. ശുബ്മാന്‍ ഗിൽ 72 പന്തിൽ 30 നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാൻ ശ്രമിച്ചു. നാലാമത് എത്തിയ വിരാട് കോഹ്ലി 9 പന്തുകളിൽ 1 റൺസ് മാത്രമാണ് നേടിയത്. റിഷബ് പന്ത് 19 പന്തിൽ 18 റൺസും, സർഫ്രാസ് ഖാൻ 24 പന്തിൽ 11 റൺസും രവിചന്ദ്രൻ അശ്വിൻ 5 പന്തിൽ 4 റൺസുമായി പുറത്തായി.
ടീമിന് വേണ്ടി ലീഡ് സ്കോർ ഉയർത്താൻ ഏറ്റവും കൂടുതൽ ശ്രമിച്ച താരമാണ് രവീന്ദ്ര ജഡേജ. 46 പന്തിൽ 38 റൺസുമായി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ വാഷിംഗ്‌ടൺ സുന്ദർ 21 പന്തിൽ 18 റൺസ് നേടി പുറത്താകാതെ നിന്നു. ടീമിന് വേണ്ടി റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം വന്ന ജസ്പ്രീത് ബുമ്ര 3 പന്തിൽ പൂജ്യത്തിനു പുറത്തായി.