ആളുകൾ പലപ്പോഴും വിശ്വാസങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

എന്തുകൊണ്ടാണ് നമ്മൾ ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നത് ? ആളുകൾ പലപ്പോഴും വിശ്വാസങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
വിശ്വാസങ്ങൾ, ആചാരങ്ങൾ, കപടശാസ്ത്രപരമായ ആചാരങ്ങൾ മറ്റ് തട്ടിപ്പുകൾ എന്നിവ എളുപ്പത്തിൽ അംഗീകരിക്കാനുള്ള മനുഷ്യരുടെ പ്രവണതക്ക് നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഏറ്റവും അടിസ്ഥാനം അത് നമ്മുക്ക് പരിണാമപരമാണ് എന്നതാണത്. മുൻകാലങ്ങളിൽ, സാധ്യതയുള്ള ഭീഷണികളോട് പെട്ടെന്ന് പ്രതികരിക്കുന്നത് അതിജീവനത്തിന് നിർണായകമായിരുന്നു. കുറ്റിക്കാട്ടിൽ ഒരു മുഴക്കം കേട്ടാൽ, അന്വേഷിക്കുന്നതിനേക്കാൾ ഓടിപ്പോകുന്നതാണ് സുരക്ഷിതം. ഈ സഹജാവബോധം നമ്മുടെ പൂർവ്വികരെ അതിജീവിക്കാനും അവരുടെ ജീനുകൾ കൈമാറാനും സഹായിച്ചു.
ഒരു കഥ പറയാം-
പണ്ടു.. പണ്ട്.., ആഫ്രിക്കയിൽ പുൽമേടുകൾക്ക് മീതെ, ഊഷ്മളമായ ഓറഞ്ച് പ്രകാശം പരത്തിക്കൊണ്ട് സൂര്യൻ സവന്നയ്ക്ക് മുകളിൽ അസ്തമിക്കാനൊരുങ്ങുന്നു. അകിര തൻ്റെ ഗോത്രവർഗക്കാരുടെ അത്താഴത്തിനായി പഴങ്ങൾ ശേഖരിക്കുകയായിരുന്നു. ഉയരമുള്ള പുല്ലുകൾക്കിടയിലൂടെ അലഞ്ഞുനടക്കുമ്പോൾ, പെട്ടെന്ന്, അടുത്തുള്ള കുറ്റിക്കാട്ടിൽ ഒരു മുഴക്കം അവൻ കേട്ടു. ഞെട്ടിത്തരിച്ച് അവന്റെ ഹൃദയമിടിപ്പ് വേഗത്തിലായി, കൃഷ്ണമണികൾ വികസിച്ചു. ഇന്ദ്രിയങ്ങൾ അതീവ ജാഗ്രതയിലായി. ഞൊടിയിടയിൽ ഒരു മടിയും കൂടാതെ, അകിര തൻ്റെ കുട്ട താഴെയിട്ടു, തിരിഞ്ഞു നോക്കാതെ അവിടെ നിന്ന് ഓടി.ശബ്ദം ഉണ്ടാക്കിയത് എന്താണെന്ന് അവനറിയില്ലായിരുന്നു – വേട്ടമൃഗമോ പാമ്പോ അല്ലെങ്കിൽ കാറ്റോ – പക്ഷേ, അവൻ അത് കാര്യമാക്കിയില്ല. സഹജാവബോധം അവനോട് ഓടാൻ പറഞ്ഞു, അവനത് അനുസച്ചു, അത്രതന്നെ.

ഓടിയോടി ഗ്രാമത്തിൽ തന്റെ ഗോത്രത്തിൻ്റെ സുരക്ഷിതത്വത്തിൽ എത്തിയപ്പോൾ മാത്രമാണ് അവന് ശ്വാസം നേരെ വീണത്. അവൻ കിതക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അവന്റെ ഗോത്രക്കാർ ആശങ്കയോടെ അവനെ നോക്കി. കുറ്റിക്കാട്ടിലെ ശബ്ദത്തെ കുറിച്ച് അകിര വിശദീകരിച്ചു, മുതിർന്നവർ തലകുലുക്കി അംഗീകരിച്ചു. “നിൻ്റെ പെട്ടെന്നുള്ള ചിന്ത നിന്നെ രക്ഷിച്ചു, അകിരാ,” അവരിൽ ഒരാൾ പറഞ്ഞു. “കാട്ടിൽ, ജാഗ്രതയാണ് പ്രധാനം, മറ്റൊന്നിന്റെ ഭക്ഷണമായി മാറുന്നതിനേക്കാൾ സുരക്ഷിതമായ പാത പിന്തുടരുന്നതാണ് നല്ലത്.”
അപകടസാധ്യതയോടുള്ള അവന്റെ ദ്രുത പ്രതികരണം ഒരു ജീവരക്ഷയാണെന്ന് അകിര മനസ്സിലാക്കി. ജീവൻ സംരക്ഷിക്കാൻ അവന്റെ സഹജാവബോധം വിശ്വസിച്ച് അവൻ ചിന്തിക്കാതെ പ്രതികരിച്ചു. ഇത് വിലപ്പെട്ട ഒരു പാഠമായിരുന്നു, കാട്ടിലെ ഉയർന്ന് ഇടതൂർന്ന പുൽമേടുകളുടെ കഠിനവും എന്നാൽ മനോഹരവുമായ ലോകത്ത് അവനെ നന്നായി സംരക്ഷിക്കുന്ന ഒന്ന്. എന്നാൽ അതിനിടെ അതേ കാട്ടിൽ മറ്റൊരു കഥയും അരങ്ങേറി. കൗതുകത്താൽ ഓടിയെത്തിയ ഷേരു, എന്താണ് ശബ്ദം ഉണ്ടാക്കിയതെന്ന് ആശ്ചര്യപ്പെട്ടു, അതേ കുറ്റിക്കാടുകളെ സമീപിച്ചു. അവൻ്റെ ജാഗ്രത അവനെ ഇലകൾ പതുക്കെ വേർപെടുത്തി അകത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചു… പക്ഷേ അതൊരു മാരകമായ തെറ്റായിരുന്നു… സാധ്യതയുള്ള ഒരു ഭീഷണിയോടുള്ള അകിരയുടെ പെട്ടെന്നുള്ള പ്രതികരണം എങ്ങനെ അതിജീവിക്കാൻ സഹായിച്ചുവെന്നും, ഷേരുവിന്റെ ജിജ്ഞാസ, കാര്യ കാരണം തിരക്കാനുള്ള പ്രവണത എങ്ങനെ അപകടത്തിലാക്കിയെന്നും ഈ കഥ വ്യക്തമാക്കുന്നു. കാട്ടിൽ ഇടയ്ക്കിടെ അകിരകളുടെയും ഷേരുകളുടെയും കഥ നടന്നുകൊണ്ടിരുന്നു.തലമുറകൾ കഴിയുംതോറും ഷേരു പ്രതിനിധീകരിക്കുന്ന സ്വഭാക്കാരുടെ എണ്ണം കുറഞ്ഞ് ഇല്ലാതെയായി. കാരണം, അകിരയുടെ സഹജാവബോധം അവനോട് ഓടാൻ പറഞ്ഞു, അവൻ അത് ചോദ്യം ചെയ്തില്ല, അവന്റെ സുരക്ഷ ഉറപ്പാക്കി. എന്നാൽ ഷേരുവിന് ജിജ്ഞാസ അല്പം കൂടുതലായിരുന്നു. കുറ്റിക്കാട്ടിൽ ഇരപിടിയൻ ജന്തു അല്ലായിരുന്നപ്പൊഴൊക്കെയും ഷേരു സ്വഭാവക്കാരും അകിര സ്വഭാവക്കാരും രക്ഷപ്പെട്ടു. എന്നാൽ അതൊരു ഇരപിടിയനായിരുന്നപ്പോൾ ഷേരു സ്വഭാവക്കാർ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ആയത് കൊണ്ട് തന്നെ അവർക്ക് അടുത്ത തലമുറയെ ഉണ്ടാക്കാനോ, കാര്യ കാരണം അന്വേഷിക്കുന്ന പ്രവണത കൈമാറുന്ന അവരുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറാനോ സാധിച്ചില്ല. തലമുറകൾ കടന്നുപോകുമ്പോൾ, അകിരകൾ പെരുകി, ഷേരൂസ് കുറഞ്ഞു. പ്രകൃതി പ്രതിഭാസങ്ങൾക്ക് പിന്നിലെല്ലാം ഒളിഞ്ഞിരിക്കുന്ന അമാനുഷിക ഏജൻ്റുമാരെ ആരോപിക്കുന്ന ഗോത്രം വളർന്നു, പുരോഗമിച്ചു, ഒരു ജംഗിൾ രാഷ്ട്രമായി മാറി. അവർ ആകാശം കീഴടക്കി, ചന്ദ്രനിലെത്തി, ചൊവ്വയിലേക്ക് ദൗത്യങ്ങൾ അയച്ചു. എന്നിരുന്നാലും, ഓരോ കണ്ടെത്തലിലും, തങ്ങൾക്ക് ഇതുവരെ ചുരുളഴിയാത്ത നിഗൂഢതകൾക്ക് പിന്നിൽ ഒരു അജ്ഞാത ഏജൻ്റ് ഒളിഞ്ഞിരിക്കുന്നുവെന്ന തോന്നൽ അവർക്ക് ഇല്ലാതാക്കാൻ കഴിഞ്ഞില്ല.
കുറഞ്ഞ ഊർജ്ജവും പ്രയത്നവും ഉപയോഗിച്ച് വേഗത്തിൽ പ്രതികരിക്കാൻ നമ്മുടെ മസ്തിഷ്കം വയർ ചെയ്തിരിക്കുന്നു. എന്തെങ്കിലും വിശ്വസിക്കുന്നതിന് വിമർശനാത്മക ചിന്തയേക്കാൾ കുറഞ്ഞ മാനസിക അധ്വാനമേ ആവശ്യമായി വരുന്നുള്ളൂ. ഈ കാര്യക്ഷമത നമ്മുടെ പൂർവ്വികരെ വേഗത്തിൽ പ്രതികരിക്കാൻ സഹായിച്ചു, എന്നാൽ തെറ്റായ വിവരങ്ങൾ സ്വീകരിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കും. എന്നിരുന്നാലും, വിമർശനാത്മക ചിന്തയും സംശയവും മനുഷ്യരെ വലിയ കാര്യങ്ങൾ നേടാൻ സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിലൂടെയും അന്വേഷണത്തിലൂടെയും നമ്മൾ ശാസ്ത്രീയ കണ്ടെത്തലുകളും പുരോഗതിയും കൈവരിച്ചു. നമ്മുടെ സഹജമായ പ്രതികരണങ്ങളും വിമർശനാത്മക ചിന്തയും തമ്മിലുള്ള സന്തുലിതാവസ്ഥ നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ പക്ഷപാതങ്ങളും പരിണാമ പാരമ്പര്യവും അംഗീകരിക്കുന്നതിലൂടെ, ലോകത്തെ മനസ്സിലാക്കുന്നതിനുള്ള കൂടുതൽ അറിവുള്ള ഒരു സമീപനം നമുക്ക് വികസിപ്പിക്കാൻ കഴിയും.