വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെർ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കൾക്ക് ഇവരെ എപ്പോൾ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതുമൂലം ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

വെടിനിർത്തലിൻറെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേൽ ഉറപ്പ് നൽകിയിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാർ കുടുംബാംഗങ്ങളെ കണ്ടു. 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ 1200ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. 360 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള ഗാസയിൽ 23 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. ഈ നഗരത്തിൽ ഇസ്രയേൽ വിതച്ച നാശം വളരെ ഭീകരമാണ്. ഒന്നു പ്രതിരോധിക്കാൻ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകൾക്കതീതമാണ്. പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിന്റെ മുൾമുനയിൽ നിറുത്താനും ഗാസയിലെ ഏറ്റുമുട്ടലിന് കഴിഞ്ഞു.

ഡിസംബറിൻറെ തുടക്കം സമാധാന ശ്രമങ്ങളുടേതായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡൻറ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികംപേർക്ക് പരിക്കേറ്റു. പക്ഷേ ചർച്ചകൾ തുടർന്നു. കൂടുതൽ മധ്യസ്ഥൻമാരുണ്ടായി.ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിക്കുമായും ഇന്നലെ കരാർ പ്രാബല്യത്തിൽ വരികയും ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *