
ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്ന ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തിൽ വിന്യസിച്ചു.
വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.
ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 സാറ്റ്‌ലൈറ്റ്. മലയാളിയായ തോമസ് കുര്യനായിരുന്നു GSLV-F15/NVS-02 മിഷൻ ഡയറക്ടർ. ഐ എസ് ആർ ഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.
1979ലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇസ്രൊ ആദ്യ വിക്ഷേപണം നടത്തിയത്. അന്നത്തെ കന്നി ദൗത്യ സ്വപ്നങ്ങൾ 317-ാം സെക്കൻഡിൽ ബംഗാൾ ഉൾക്കടലിൽ അസ്തമിച്ചു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കുതിച്ച ഐഎസ്ആർഒ നാല് വീതം എസ്എൽവി-3, എഎസ്എൽവി വിക്ഷേപണങ്ങളും, 62 പിഎസ്എൽവി വിക്ഷേപണങ്ങളും, 17 ജിഎസ്എൽവി വിക്ഷേപണങ്ങളും (ഇന്നത്തേത് ഉൾപ്പടെ), ഏഴ് എൽവിഎം-3 വിക്ഷേപണങ്ങളും, മൂന്ന് എസ്എസ്എൽവി വിക്ഷേപണങ്ങളും, ഓരോ ആർഎൽവി ഹെക്സ്, ടെസ്റ്റ് വെഹിക്കിൾ (ടിവി ഡി1), പാറ്റ് വിക്ഷേപണങ്ങളും ശ്രീഹരിക്കോട്ടയിൽ നടത്തി വിജയഗാഥ രചിച്ചു.