ലോകത്തിലെ ഒന്നാമനായ കോടീശ്വരന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇലോണ്‍ മസ്‌കിനേയും സ്‌നേഹിതരേയും നിയമിക്കുന്നു. പര്യവേക്ഷണങ്ങളുടെ അവസാനവാക്കെന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന നാസയുടെ തലപ്പത്തേക്ക് മസ്‌കിന്റെ അടുപ്പക്കാരനെ നിയമിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ജെറാഡ് ഐസക്മാനെന്ന ബില്യണയെറാണ് നാസയെ ഇനി നയിക്കുകയെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ജനുവരി 20ന് വൈറ്റ് ഹൗസില്‍ ചാര്‍ജെടുക്കുന്നതിന് മുമ്പ് തന്ത്രപ്രധാന നിയമനങ്ങള്‍ നടത്തുകയാണ് നിയുക്ത യുഎസ് പ്രസിഡന്റ്. ഒരു പൈലറ്റ് കൂടിയായ ജെറാഡിന് മസ്‌കുമായി ദൃഢബന്ധമാണുള്ളത്. ഇലോണ്‍ മസ്‌കിന്റെ സ്ഥാപനമായ സ്‌പെയ്‌സ് എക്‌സിന് നിര്‍ണായകമായ പിന്തുണ സര്‍ക്കാര്‍ ഏജന്‍സിയായ നാസയില്‍ നിന്ന് ഉറപ്പാക്കുന്നതാണ് നിലവിലെ നിയമനം. ജെറാഡിനെ നാമനിര്‍ദേശം ചെയ്ത് ട്രംപ് പോസ്റ്റ് ഇട്ടതോടെ ഇനി സെനറ്റിന്റെ അംഗീകാരം കൂടി കിട്ടിയാല്‍ ജെറാഡ് നാസ തലപ്പത്തെത്തും.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ബഹിരാകാശ ഏജന്‍സി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തില്‍ പങ്കെടുത്ത ജെറാഡ് ഐസക്മാന്‍ ട്രംപിന്റെ പ്രചാരണങ്ങളിലും മുന്നില്‍ നിന്നിരുന്നു. 41 വയസുകാരനായ ഐസക്മാന്‍ ഷിഫ്റ്റ് 4 പേയ്‌മെന്റിന്റെ സ്ഥാപകനും സിഇഒയും ബഹിരാകാശ യാത്രികനുമാണ്. സ്പേസ് എക്സില്‍ നിന്ന് തന്റെ ആദ്യത്തെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വാങ്ങിയതുമുതല്‍ ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഐസക്മാന്‍ സ്‌പെയ്‌സ് എക്‌സിന്റെ നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയാകാറുമുണ്ട്. നാസയുടെ തലപ്പത്തേക്ക് ഐസക്മാനെത്തുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സി സ്‌പെയ്‌സ് എക്‌സിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
ചില കോടീശ്വരന്‍മാര്‍ മാത്രം നിയന്ത്രിക്കുന്ന സംവിധാനങ്ങളായി നാസയടക്കം യുഎസിന്റെ തന്ത്രപ്രധാന ശൃംഖലകള്‍ മാറുമോയെന്ന ഭയം ആളുകള്‍ക്ക് ഇടയിലുണ്ടായി കഴിഞ്ഞു. മസ്‌കിന്റെ ബിസിനെസിലെ സ്ഥിരം ഉപഭോക്താവായ ഐസക്മാന്‍ നാസയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോ അതോ സ്‌പെയ്‌സ് എക്‌സ് താല്‍പര്യം സംരക്ഷിക്കുമോ എന്നതാണ് ചോദ്യം. ജെറാഡിനെ നാമം നിര്‍ദേശം ചെയ്തു കൊണ്ട് ട്രംപ് ട്വീറ്റില്‍ പറഞ്ഞത് ഇങ്ങനെ.
പ്രഗത്ഭനായ ബിസിനസ്സ് നേതാവും മനുഷ്യസ്നേഹിയും പൈലറ്റും ബഹിരാകാശയാത്രികനുമായ ജെറാഡ് ഐസക്മാനെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നിവയില്‍ തകര്‍പ്പന്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയില്‍ നാസയെ നിയന്ത്രിക്കുന്നതിനും കണ്ടെത്തലുകള്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്ന ദൗത്യം ജെറാഡ് ഭംഗിയായി നിര്‍വഹിക്കും. കഴിഞ്ഞ 25 വര്‍ഷമായി, Shift4ന്റെ സ്ഥാപകനും സിഇഒയും എന്ന നിലയില്‍, ജെറാഡ് അസാധാരണമായ നേതൃത്വ പാടവം പ്രകടമാക്കികൊണ്ടാണ് ഒരു ആഗോള സാമ്പത്തിക സാങ്കേതിക കമ്പനിയെ കെട്ടിപ്പടുത്തത്. ഡിഫന്‍സ് എയ്റോസ്പേസ് കമ്പനിയായ ഡ്രാക്കന്‍ ഇന്റര്‍നാഷണലിന്റെ സഹ-സ്ഥാപകനും സിഇഒ ആയും അദ്ദേഹം ഒരു ദശാബ്ദത്തിലേറെയായി, യുഎസ് പ്രതിരോധ വകുപ്പിനെയും ഞങ്ങളുടെ സഖ്യകക്ഷികളെയും പിന്തുണച്ചു. ബഹിരാകാശത്തോടുള്ള അഭിനിവേശം, ബഹിരാകാശയാത്രിക അനുഭവം, പര്യവേക്ഷണത്തിന്റെ അതിരുകള്‍ ഭേദിക്കുന്നതിനും പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനും പുതിയ ബഹിരാകാശ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ജെറാഡിന്റെ സമര്‍പ്പണം എന്നിവ നാസയെ ധീരമായ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തെ തികച്ചും അനുയോജ്യനാക്കുന്നു. ജെറേഡിനും ഭാര്യ മോണിക്കയ്ക്കും അവരുടെ മക്കളായ മിലയ്ക്കും ലിവിനും അഭിനന്ദനങ്ങള്‍!
നിയുക്ത പ്രസിഡന്റിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിക്കുന്നതോടെ ഔദ്യോഗിക സ്ഥിരീകരണം വരുകയും നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത ഫ്‌ലോറിഡയില്‍ നിന്നുള്ള മുന്‍ ഡെമോക്രാറ്റിക് സെനറ്ററായ 82 വയസുകാരന്‍ ബില്‍ നെല്‍സണ് പകരം ഐസക്മാന്‍ നാസയുടെ തലപ്പത്ത് എത്തുകയും ചെയ്യും. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മറിച്ചൊരു നീക്കത്തിന് ഒരു സാധ്യതതയുമില്ല. തന്നെ നാസയുടെ തലപ്പത്തേക്ക് നാമനിര്‍ദേശം ചെയ്ത ട്രംപിന് നന്ദി അറിയിക്കുന്നതോടൊപ്പം ഇത് അഭിമാനകരമായ ഒന്നാണെന്ന് ഐസക്മാന്‍ പ്രതികരിക്കുകയും ചെയ്തു.