കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അന്ത്യശാസനവുമായി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍. ഒക്ടോബര്‍ 28നുള്ളില്‍ ട്രൂഡോ രാജിവയ്ക്കണമെന്നാണ് വിമത എംപിമാരുടെ അന്ത്യശാസനം. ഇതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സ്വപ്‌നം പൊലിയുകയാണ്. ഇത് മൂന്നാം തവണയാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. വീണ്ടും ട്രൂഡോ അധികാരത്തിലെത്തിയാല്‍ നാലാം തവണ അധികാരത്തിലേറുന്ന ആദ്യ കനേഡിയന്‍ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കാം. എന്നാല്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് നിലവില്‍ തിരിച്ചടിയായി പരിണമിച്ചിരിക്കുന്നത്.
ഖാലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് പിന്നാലെ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കുടിയേറ്റ പ്രശ്‌നങ്ങളില്‍ വലയുന്ന കാനഡയില്‍ ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കൂടി രൂപപ്പെട്ടതോടെ അത് ട്രൂഡോയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണയും ദുര്‍ബലമാക്കി.
ജി ട്വന്റി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ട്രൂഡോ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചു. തുടര്‍ന്ന് ഉച്ചകോടി അവസാനിക്കും മുന്‍പ് ട്രൂഡോ കാനഡയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളെ ട്രൂഡോ പുഞ്ചിരിയോടെയാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന വിമത സ്വരങ്ങള്‍ തന്റെ നിലനില്‍പ്പിന് തന്നെ ചോദ്യമാകുമ്പോഴും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നാണ് ട്രൂഡോയുടെ അഭിപ്രായം. 153 എംപിമാര്‍ ട്രൂഡോയുടെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് യോഗം ചേരുകയായിരുന്നു. ഇതോടൊപ്പം ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ട്രൂഡോ ഒഴിയണമെന്ന് ആവശ്യപ്പെട്ട് 28 എംപിമാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.