നിരോധനവും പ്രതിഷേധവും! ‘എമര്‍ജന്‍സി’ക്ക് ദുര്‍വിധി; കങ്കണയ്ക്ക് രക്ഷയായി ഓപ്പണിങ് കളക്ഷന്‍

നിരോധനവും പ്രതിഷേധവും! ‘എമര്‍ജന്‍സി’ക്ക് ദുര്‍വിധി; കങ്കണയ്ക്ക് രക്ഷയായി ഓപ്പണിങ് കളക്ഷന്‍

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ തിയേറ്ററുകളിലെത്തിയ കങ്കണ റണാവത്ത് ചിത്രം ‘എമര്‍ജന്‍സി’ക്ക് ആദ്യ ദിനം മികച്ച കളക്ഷന്‍. കോവിഡിന് ശേഷം ഇറങ്ങിയ കങ്കണ ചിത്രങ്ങളില്‍ ആദ്യ ദിനത്തെ മികച്ച കളക്ഷനാണ് എമര്‍ജന്‍സി നേടിയിരിക്കുന്നത്. 2.35 കോടി രൂപയാണ് ചിത്രം ഓപ്പണിങ് ദിനത്തില്‍ നേടിയിരിക്കുന്നത്.

2024ല്‍ പുറത്തിറങ്ങിയ കങ്കണയുടെ ‘തേജസ്’ ആദ്യ ദിനം 1.25 കോടി രൂപയായിരുന്നു നേടിയത്. എമര്‍ജന്‍സി പ്രഖ്യാപിച്ച കാലഘട്ടത്തെ കുറിച്ചാണ് എമര്‍ജന്‍സി ചിത്രം പറഞ്ഞത്. ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ലെന്നും മഹത്തായ ഒരു കാലഘട്ട ചിത്രമാണെന്നും കങ്കണ റണാവത്ത് നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ചിത്രത്തിനെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ശിരോമണി ഗുര്‍ദ്വാര പര്‍ബന്ദക് കമ്മിറ്റി (എസ്.ജി.പി.സി) രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ ചിലയിടങ്ങളില്‍ സിനിമയുടെ പ്രദര്‍ശനത്തിന് നിയന്ത്രണവുമുണ്ടായിരുന്നു. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സിഖ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

കങ്കണ തന്നെ സംവിധാനം ചെയ്ത്, നിര്‍മ്മിച്ച്, അഭിനയിച്ച ചിത്രമാണിത്. കങ്കണ ഇന്ദിരാ ഗാന്ധിയായി വേഷമിട്ട ചിത്രത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷായി മിലിന്ദ് സോമന്‍, ജയപ്രകാശ് നാരായണ്‍ ആയി അനുപം ഖേര്‍, അടല്‍ ബിഹാരി ബാജ്പേയിയായി ശ്രേയസ് തല്‍പാഡെ എന്നിവരാണ് വേഷമിട്ടത്.

അതേസമയം, സിനിമ ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലിനെ തുടര്‍ന്നാണ് സിനിമ നിരോധിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച നിരവധി കട്ടുകളോടെയാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *