സ്പാനിഷ് അന്താരാഷ്ട്ര ടീമിന് വേണ്ടി ഓർത്തിരിക്കാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരമായ ആൻഡ്രസ് ഇനിയേസ്റ്റ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപന കുറിപ്പ് പങ്ക് വെച്ചത്. തന്റെ ഫുട്ബോൾ കരിയറിൽ 962 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. വേൾഡ് കപ്പും യൂറോ കപ്പും ചാമ്പ്യൻസ് ലീഗുകളുമൊക്കെ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ഇനിയേസ്റ്റ.
ബാഴ്‌സയ്ക്ക് വേണ്ടിയും സ്പെയിന് വേണ്ടിയും തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. അദ്ദേഹം ഇനിയേസ്റ്റയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ ഒരുമിച്ച് കളിച്ച കാലം തനിക്ക് ഓർമ്മയുണ്ട് എന്നാണ് യമാൽ പറഞ്ഞത്.
ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:
”സത്യം പറഞ്ഞാൽ 2010 വേൾഡ് കപ്പിലെ ഒന്നും തന്നെ എനിക്ക് ഓർമ്മയില്ല. പക്ഷേ മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ കളിക്കുന്നത് കാണാൻ വേണ്ടി ക്യാമ്പ് നൗവിലേക്ക് പോയത് എനിക്ക് ഓർമ്മയുണ്ട്. എല്ലാം വളരെ എളുപ്പമാണ് എന്ന് തോന്നിച്ച ഒരു താരമാണ് ഇനിയേസ്റ്റ. തീർച്ചയായും ഫുട്ബോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും ” ലാമിന് യമാൽ പറഞ്ഞു.
ഇനിയേസ്റ്റെയ്ക്ക് രാജകീയ വിടവാങ്ങൽ ആണ് സ്പെയിൻ നൽകിയത്. ഇന്നലെ നടന്ന വിടവാങ്ങൽ മത്സരത്തിൽ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.