ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ലാമിന് യമാൽ തന്റെ മികവുറ്റ ഫോം അന്താരാഷ്ട്ര മത്സരങ്ങളിലും തുടരുകയാണ്. ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് ഡെന്മാർക്കിനെ പരാജയപ്പെടുത്തി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് സ്പെയിൻ തന്നെയായിരുന്നു. സുബിമെന്റി നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്
മത്സരത്തിൽ യുവ താരം ലാമിന് യമാൽ ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും അവസാനമായപ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ വന്നു അദ്ദേഹം പിന്മാറി. അദ്ദേഹത്തിന്റെ മികച്ച ഫോമിനെ കുറിച്ച് വാനോളം പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ.
ലൂയിസ് ഡി ലാ ഫുവന്റെ പറയുന്നത് ഇങ്ങനെ:
” വളരെയധികം പക്വതയുള്ള താരമാണ് യമാൽ. ദൈവത്തിന്റെ മാന്ത്രിക വടിയാൽ തലോടൽ ഏറ്റവനാണ് യമാലെന്ന് പോലും നമുക്ക് തോന്നിപ്പോകും.17 വയസ്സുള്ള മറ്റേത് താരത്തിനും യമാൽ ചെയ്യുന്നതുപോലെ ചെയ്യാൻ സാധിക്കുന്നില്ല. വളരെയധികം പക്വതയുണ്ട് എന്നുള്ളത് മാത്രമല്ല തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് കൃത്യമായ ബോധ്യവും അവനുണ്ട്. നമ്മൾ പറയുന്ന മാറ്റങ്ങൾ എല്ലാം അംഗീകരിക്കാൻ അവൻ തയ്യാറാണ്. പക്ഷേ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് തകർന്നു പോയ ഒരുപാട് താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. അത്തരം മിസ്റ്റേക്കുകൾ അവൻ വരുത്തരുത്. എപ്പോഴും ഒരു കൺട്രോൾ ആവശ്യമാണ്. കൂടാതെ പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും ഉണ്ട് “ ലൂയിസ് ഡി ലാ ഫുവന്റെ പറഞ്ഞു.
ബാഴ്‌സയ്ക്ക് വേണ്ടി 5 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ ലാമിന് യമാലിന് സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഗുരുതരമായ പരിക്ക് സംഭവിച്ചത് കൊണ്ട് തന്നെ സ്പെയിനിന്റെ അടുത്ത മത്സരത്തിൽ ലാമിന് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.