മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്.  മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ‘അമൃത് സ്നാനി’ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിരുന്നു. ‘സംഗമത്തിൽ’ നിന്ന് ഒരു കിലോമീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരാവുകയും പരുക്കേൽക്കുകയും ചെയ്തത്.

അപകടത്തിൽപ്പെട്ടവരെ മഹാ കുംഭ് ഫെയർ ഗ്രൗണ്ടിനുള്ളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്കും മാറ്റി.

സംഭവത്തെ തുടർന്ന് മൗനി അമാവാസിയുടെ അമൃത സ്നാൻ അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് അവർ എവിടെയായിരുന്നാലും ഗംഗാ നദിയിൽ കുളിച്ച് വീടുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചു.

അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിക്കുകയും അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിർദ്ദേശം നൽകി. ഫെയർ ഗ്രൗണ്ടിനുള്ളിലെ മറ്റിടങ്ങളിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ പാലങ്ങൾ അടച്ചു.

ഏകദേശം അഞ്ച് കോടി ആളുകൾ ഇതിനകം പ്രയാഗ്രാജിൽ എത്തിയിരുന്നു, അതേസമയം തന്നെ ജനക്കൂട്ടം 10 കോടിയായി ഉയരുമെന്നായിരുന്നു റിപ്പോർട്ട്. മൗനി അമാവാസിയിലെ അമൃത സ്‌നാൻ മഹാ കുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. ഈ വർഷം, 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന ഒരു അപൂർവ ആകാശ വിന്യാസം കാരണം ഈ അവസരത്തിന് ആത്മീയ പ്രാധാന്യമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *