ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി
West Bengal Chief Minister Mamata Banerjee | Salil Bera

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു

കൊല്‍ക്കത്ത: സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. പീഡന വിരുദ്ധ ബില്‍ പാസാക്കും. ബലാത്സംഗക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ബില്ലില്‍ ഉറപ്പാക്കുന്നതായിരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. ബില്‍ കൊണ്ടുവരുന്നതിനായി നിയമസഭ വിളിച്ചു ചേര്‍ക്കും. നിയമസഭ പാസ്സാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 31 നും സെപ്റ്റംബര്‍ ഒന്നിനും പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടു.

ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ബിജെപിയുടെ ആവശ്യം മമത തള്ളി. സ്ത്രീകള്‍ക്കെതിരെ നിരവധി അതിക്രമ സംഭവങ്ങളുണ്ടായിട്ടും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചിരുന്നോയെന്ന് മമത ചോദിച്ചു. ഡോക്ടറുടെ കൊലപാതകത്തില്‍ അഞ്ചു ദിവസമാണ് താന്‍ ചോദിച്ചത്. എന്നാല്‍ അതനുവദിക്കാതെ കേസ് സിബിഐക്ക് നല്‍കി. സിബിഐ കേസ് ഏറ്റെടുത്തിട്ട് 16 ദിവസമായി. എന്നിട്ട് നീതി എവിടെയാണെന്ന് മമത ബാനര്‍ജി ചോദിച്ചു. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ബന്ദ് നടത്തുകയാണ്. ബിജെപിയുടെ ബംഗ്ലാ ബന്ദിനെയും മമത വിമര്‍ശിച്ചു. ബിജെപിക്ക് വേണ്ടത് മൃതശരീരങ്ങളാണ്. അതിനു വേണ്ടിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് നീതിയാണ്. ബിജെപി ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *