
ഓസ്‌ട്രേലിയൻ ബാറ്ററും ക്വീൻസ്‌ലൻഡ് ക്യാപ്റ്റനുമായ മർനസ് ലബുഷാഗ്നെ ഷെഫീൽഡ് ഷീൽഡിനിടെ അങ്ങനെ ഇങ്ങനെ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഫീൽഡ് സെറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ബൗളറുടെ തൊട്ടുപുറകിൽ ഫീൽഡറെ നിർത്തി ഞെട്ടിക്കുന്ന ഒരു തീരുമാനം മാർനസ് ലാബുഷാഗ്നെ എടുത്തു. എന്തയാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഈ ടൂര്ണമെന്റോടെ ആഭ്യന്തര റെഡ്-ബോൾ ടൂർണമെൻ്റിൽ കളിച്ച് 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള തയ്യാറെടുപ്പ് മാർനസ് ലബുഷാഗ്നെ ആരംഭിച്ചു. വെസ്റ്റേണിനെതിരായ ആദ്യ മത്സരത്തിൽ ടോസ് നേടിയ ക്വീൻസ്‌ലൻഡ് നായകൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.
ഇന്നിംഗ്‌സിൻ്റെ 64-ാം ഓവർ എറിയാൻ മാർനസ് ലബുഷാഗ്നെ പന്തെറിയാനെത്തി. തൻ്റെ രണ്ടാം ഓവറിനിടെ, ഫീൽഡ് അമ്പയർക്ക് പിന്നിൽ ഫീൽഡറെ നിർത്തിയാണ് നായകൻ ഞെട്ടിച്ചത്. ഈ നീക്കത്തിൽ അമ്പയർ പോലും അത്ഭുതപ്പെട്ടു. എന്നിരുന്നാലും, കുറച്ചുസമയത്തിന് ശേഷം ഫീൽഡറെ അമ്പയറുടെ ഇടതുവശത്തേക്ക് വലിച്ചുമാറ്റി നിർത്തുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
“അവൻ ഏതാണ്ട് ബോളറുടെ അടുത്ത് നിൽക്കുന്നു,” കമൻ്റേറ്റർ ആ സമയത്ത് പറഞ്ഞു.
“ഇതുപോലെ ഒരു ഫീൽഡ് സെറ്റിങ് സ്വപ്നങ്ങളിൽ മാത്രം. ഇങ്ങനെയൊന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല” മറ്റൊരു കമൻ്റേറ്റർ പറഞ്ഞു.
83 റൺസെടുത്ത ജോഷ് ഇംഗ്ലിസ് ആയിരുന്നു ആ സമയം ക്രീസിൽ ഉണ്ടായിരുന്നത്. എന്തായാലും ഈ കെണിയിൽ താരം വീണില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.