നാല്പതു കഴിഞ്ഞ സ്ത്രികളിലെ സൗന്ദര്യത്തെയും വശ്യമായ പ്രണയത്തെയും വികാരവിചാരങ്ങളേയും എഴുതി എഴുതി നിറയ്ക്കുമ്പോളും ആ ജെനുസ്സിലെ ആണുങ്ങളോ?
നാല്പതു കഴിഞ്ഞ സ്ത്രികളിലെ സൗന്ദര്യത്തെയും വശ്യമായ പ്രണയത്തെയും വികാരവിചാരങ്ങളേയും എഴുതി എഴുതി നിറയ്ക്കുമ്പോളും ആ ജെനുസ്സിലെ ആണുങ്ങളോ? ജീവിതത്തിൻ്റെ ഗിയർ മാറുന്നതിവിടെയാണ്; നാല്പതുകളുടെ രണ്ടാം പകുതിയിൽ… വിവാഹിതരെങ്കിൽ, കുഞ്ഞുങ്ങളുള്ളവരെങ്കിൽ, ആകെ ആകുലതകളാവും.കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, അവരുടെ ഉദ്യോഗം, വിവാഹം ..അങ്ങനെ പലതും കാരണങ്ങൾ ആവും ഈ ആകുലതകൾക്ക്.140 വരെ വേഗത്തിൽ ഓടികൊണ്ടിരുന്ന വണ്ടി 40- 60ൽ എത്തും. അത്യാവശ്യം നന്നായി സർവ്വീസ് ചെയ്തില്ലെങ്കിൽ പണി പാളും .സ്വയം ഒരു ആത്മവിശ്വാസ കുറവ് അനുഭവപ്പെടും… മാനസികമായാണ് കൂടുതലും ഒറ്റപ്പെടുന്നത് .എന്തിനും ഏതിനും ചങ്കായി നിന്ന സൗഹൃദങ്ങൾ ഒക്കെയും ഒന്നൊന്നായി കയ്യൊഴിഞ്ഞ് ഒറ്റക്കായി തുടങ്ങിയിരിക്കും അപ്പോഴേക്ക് .മദ്യപാനവും ശീട്ടുകളിയും ഉണ്ടെങ്കിൽ സൗഹൃദം ഉണ്ടാകും പക്ഷെ കരൾ രോഗവും അൾസറും വന്ന് ഏകദേശം അങ്ങ് കുഴിയിൽ പോകാനായിരിക്കും.
ജീവിതപങ്കാളിയായ സ്ത്രീ ആവട്ടെ ഈസ്ട്രജൻ ഹോർമോണിൻ്റെ കുറവുകൊണ്ട് ഒരു വിധംആവും .മാത്രമല്ല ,കൗമാരക്കാരായ മക്കളാവട്ടെ അവളിലേയ്ക്ക് പറ്റി ചേരും.തമാശകളും കൂട്ടുകാരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കലുകളും, പൊട്ടിചിരികളുമായി അവരങ്ങനെ ആഘോഷിക്കും.
“അമ്മയ്ക്ക് ജിമ്മിൽ പോകാമല്ലോ ,.”
” അമ്മയെ ഡ്രൈവിങ് പഠിപ്പിക്കട്ടെ? ”
“ഡാൻസ് പഠിക്കണമെന്നൊരു മോഹമുണ്ടായിരുന്നോ ?ഇപ്പോഴും പഠിക്കാമല്ലോ..better late than never.”
അങ്ങനെ ഇങ്ങനെ പറഞ്ഞ് അമ്മയ്ക്ക് ചുറ്റും പാറിനടക്കും കുട്ടികൾ.
ആകാശം ഇടിഞ്ഞു വീണാലും ഞാനിങ്ങനെയാണ് എന്ന മനോഭാവത്തിൽ എത്തിയ നാല്പതു കാരികളാവട്ടെ ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലാവും. എന്നാൽ ആ ഘട്ടത്തിലെ പുരുഷനാവട്ടെ, സ്വന്തം കുഞ്ഞുങ്ങളുമായി നല്ലൊരു സൗഹൃദം പോലും വളർത്തിയെടുക്കുവാൻ ഇന്നുവരെ ശ്രമിച്ചിട്ടു പോലുമില്ലാത്ത ഒരാളാണെങ്കിൽ ആകെ ഒറ്റപ്പെടലാവും. ഒരു പെണ്ണിനെ മനസ്സിലാക്കാൻ മറ്റൊരുപെണ്ണിനേ ആവൂ.അതുകൊണ്ടു തന്നെ, സ്ത്രീ സൗഹൃദങ്ങളിൽ എല്ലാം തന്നെ തുറന്നു പറച്ചിലുകളും പ്രശ്നപരിഹാരങ്ങളും എളുപ്പത്തിൽ നടക്കുന്നു.പുരുഷൻമാർ അവരുടെ വിഷമങ്ങൾ ആരോടാണ് പങ്കുവെയ്ക്കുന്നത്? സന്തോഷങ്ങളാവട്ടെ ,സങ്കടങ്ങൾ ആവട്ടെ മിക്കവാറും ഒരു ശരാശരി മലയാളി തുറന്നുവിടുന്നത് രണ്ടു കുപ്പി മദ്യം ഉള്ളിൽ ചെന്നതിൻ്റെ ധൈര്യത്തിൽ മാത്രമാണ്. തൻ്റെ ഒറ്റപ്പെലുകളോ മറ്റോ തുറന്നു പറഞ്ഞാലോ “നിന്നെകൊണ്ട് കൊള്ളാഞ്ഞിട്ടാ” എന്നൊരു മറുപടിയാവും ഇത്തരം സദസ്സുകളിൽ നിന്നും അയാൾക്ക് കിട്ടുക. സൗഹൃദകൂട്ടായ്മകളിൽ ആകുലതകളെ പങ്കുവെച്ചാൽ താൻ അപമാനിതനാകുമോ എന്നൊരു തോന്നലിൽ നെഞ്ചിലെ നെരിപ്പോടുകളെ ആരും കാണാതെ അടക്കാൻ ശ്രമിക്കും.അത്യാവശ്യം ആരോഗ്യപ്രശ്നങ്ങളും അയാൾക്ക് തുടങ്ങി കാണുംഈ പ്രായത്തിൽ.മാതാപിതാക്കളുടെ അസുഖങ്ങളോ വേർപ്പാടുകളോ ചിലപ്പോൾ അയാളിലെ കുട്ടിത്തത്തെ നിഷ്കരുണം പുറന്തള്ളിയിരിക്കും .അന്നേരമായിരിക്കും ഭാര്യയുടെ ജന്മദിനങ്ങളും വിവാഹ വാർഷികദിനങ്ങളും അയാൾ ഓർത്തുവയ്ക്കാൻ തുടങ്ങുന്നത്… ഇതിനെയൊക്കെ ആകെ നിസ്സാരവത്ക്കരിച്ചുകളയും അവൾ.. അങ്ങനെ കുറ്റബോധവും എകാന്തതയും അയാളെ ആകെ വിഴുങ്ങും
പെണ്ണുങ്ങളെ ഓർക്കുക …നാളെ നിങ്ങളുടെ കുട്ടികൾ അവരുടേതായ ആകാശത്തിലേയ്ക്ക് ചിറകുവിരിച്ചു പറന്നുയരും. അവരുടെ സ്വന്തമായ കൂടുകളിലേയ്ക്ക് അവർ ചേക്കേറും. ഇണയാണ് തുണയാണ് എന്ന് കൂടെ കൂടിയവനെ മനസ്സിലാക്കുക. ഇന്ന്, നിങ്ങളുടെ ചിറകുകളുടെ സുരക്ഷിതത്വം കൂടുതൽ ആവശ്യം അവനാണ്.സൗഹൃദങ്ങളുടെയും തിരക്കുകളുടെയും ആരവങ്ങൾക്കൊടുവിൽ പകലന്ത്യത്തിൽ ചേർത്തു പിടിക്കണം ഇണയെ . ഒറ്റയ്ക്കാക്കരുതൊരിക്കലും.കണ്ണിൽ കണ്ണിൽ നോക്കി ചിരിക്കാനും, തോളോടുതോൾ ചേർത്ത് നടക്കാനും, ആകുലതകളും വ്യാകുലതകളും പങ്കു വെയ്ക്കാനും തേടി നടക്കരുത് അവൻ മറ്റൊരാളെ… ഭാര്യാഭർത്താക്കൻമാർ എന്നത് മാറ്റി നിർത്തി ചങ്ക്കൾ ആവണം….ബോധ്യപ്പെടുത്തലുകളും വിശദീകരണങ്ങളും ആവശ്യമില്ലാത്ത വിധം