2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകളിൽ ആ മലയാള സിനിമയും!

2024-ലെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകളിൽ ആ മലയാള സിനിമയും!

ഒട്ടനവധി കിടിലൻ സിനിമകളും ബോക്സ് ഓഫീസിൽ ഹിറ്റുകളും നിറഞ്ഞ ഒരു വർഷമായിരുന്നു 2024. വലുതും ചെറുതുമായ നിരവധി സിനിമകൾ ഈ വർഷം സ്‌ക്രീനിലെത്തിയെങ്കിലും പ്രേക്ഷകരുടെ മനസ് കീഴടക്കിയ ചില സിനിമകളും ഉണ്ടായിരുന്നു. 2024-ൻ്റെ അവസാനത്തോട് അടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ സിനിമ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി. മലയാളം, തമിഴ്, ഹിന്ദി സിനിമകൾ ഉൾപ്പെടുന്ന ആദ്യ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഐഎംഡിബി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിൽ മലയാളത്തിൽ നിന്നുള്ള ഒരു സിനിമയും ഉണ്ടെന്നതാണ് പ്രത്യേകത.

97-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട കിരൺ റാവുവിൻ്റെ ലാപതാ ലേഡീസ്, സിംഗം എഗെയ്ൻ, കിൽ എന്നിവയാണ് ലിസ്റ്റിലെ അവസാന മൂന്ന് ചിത്രങ്ങൾ. ഭൂൽ ബുലൈയ്യ 3 ഏഴാം സ്ഥാനത്താണ് ഉള്ളത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ആറാം സ്ഥാനത്ത് ഉള്ളത്. ഫൈറ്റർ, അജയ് ദേവ്ഗൺ, ആർ. മാധവൻ, ജ്യോതിക എന്നിവർ അഭിനയിച്ച ശൈത്താൻ എന്നിവയാണ് അഞ്ചും നാലും സ്ഥാനങ്ങളിൽ.

വിജയ് സേതുപതി നായകനായെത്തിയ മഹാരാജ എന്ന സിനിമയാണ് മൂന്നാം സ്ഥാനത്ത്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ലിസ്റ്റിലുള്ള ഒരേയൊരു തമിഴ് സിനിമയാണ് ഇത്. നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലൻ വേഷവും ശ്രദ്ധേയമായിരുന്നു.

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമയായ ‘സ്ത്രീ 2′ രണ്ടാം സ്ഥാനത്തും ഒന്നാം സ്ഥാനത്ത് കൽക്കി 2898 AD യുമാണ് ഉള്ളത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫാന്റസി മിത്തോളജിക്കൽ സിനിമയാണ് കൽക്കി 2898 AD. ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് കൽക്കി 2898 എഡി. കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ കേന്ദ്ര കഥാപത്രങ്ങളായി എത്തിയ സ്ത്രീ 2’ ബോക്സ് ഓഫീസിൽ നിന്നും 600 കോടിയോളമാണ് നേടിയത്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അതേസമയം, തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറിയ സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. 2024 ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ്. 2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *